ജല്‍ ശക്തി മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തു. ഡല്‍ഹി എയിംസിലെ സെര്‍വര്‍ അടുത്തിടെ ഹാക്ക് ചെയ്തതിന് ശേഷം സര്‍ക്കാര്‍ സൈറ്റിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ സൈബര്‍ ആക്രമണമാണിത്.

ഹാക്കിംഗ് നടന്നതെങ്കിലും അധികം വൈകാതെ അക്കൗണ്ട് പുനഃസ്ഥാപിക്കാനായി. സുരക്ഷാ ഏജന്‍സികളും സൈബര്‍ വിദഗ്ധരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. പേജില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടപ്പോഴാണ് ഹാക്കിംഗ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. 

ക്രിപ്റ്റോ വാലറ്റ് സുയി വാലറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ട്വീറ്റ് രാവിലെ 5:38 ന് ജല്‍ ശക്തി മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടതായി കാണപ്പെട്ടു. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ പതാകയില്‍ നിന്ന് സുയിയുടെ ലോഗോയിലേക്ക് മാറ്റി. സ്യൂയിയുടെ ലോഗോയും പേരും കാണിക്കുന്ന രീതിയില്‍ കവര്‍ ചിത്രവും മാറ്റിയിരുന്നു.

മന്ത്രാലയത്തിന്റെ ഹാന്‍ഡിലില്‍ നിന്നുള്ള യഥാര്‍ത്ഥ ട്വീറ്റുകളില്‍ നിരവധി അജ്ഞാത അക്കൗണ്ടുകളെ ടാഗ് ചെയ്യുകയും തുടര്‍ന്നുള്ള ട്വീറ്റുകളിലും റീ ട്വീറ്റുകളിലും ഇതേ മാതൃക പിന്തുടരുകയും ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും സംശയാസ്പദമായ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

നവംബര്‍ 23-നാണ് എയിംസില്‍ സെര്‍വറില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നാലെ ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പോലീസും കേന്ദ്ര ഏജന്‍സികളും സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പണം ആവശ്യപ്പെട്ടകാര്യം എയിംസ് അധികൃതര്‍ നിഷേധിച്ചിരുന്നു. സൈബര്‍ സുരക്ഷയ്ക്കായുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, ഡല്‍ഹി പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കൊപ്പം എന്‍.ഐ.എ.യും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.