തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദേശം. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി.

അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണമെന്നും തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, തുറമുഖ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം മേഖലയിലെ സ്പെഷൽ ഓഫീസറായി ഡിഐജി ആർ. നിശാന്തിനിയെ സർക്കാർ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാനും മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെപ്പറ്റി അന്വേഷിക്കാനുമായി ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാർ ആണ് നിശാന്തിനിയെ സ്പെഷൽ ഓഫീസറായി നിയമിച്ച ഉത്തരവ് പുറത്തിറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഡിസിപി അജിത് കുമാർ എന്നിവരെ അന്വേഷണസംഘത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.