ന്യൂഡൽഹി: വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവർത്തിച്ചാൽ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും പാർട്ടിയുടെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോൺഗ്രസ് എല്ലാവർക്കും അവസരം നൽകുന്നുണ്ടന്നും അവസരം നൽകിയതുകൊണ്ടാണ് തരൂർ മൂന്നുതവണ എംപിയും കേന്ദ്ര മന്ത്രിയുമായതെന്നും ചെന്നിത്തല ഗുജറാത്തിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം കിട്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ നേതാക്കൻമാർക്കും ഈ പാർട്ടി അവസരങ്ങൾ കൊടുക്കാറുണ്ട്. അത് കുറഞ്ഞും കൂടിയും ഇരിക്കുമെന്ന വ്യത്യാസമേയുള്ളു. ഏത് നേതാവിനാണ് പാർട്ടിയിൽ അവസരം കിട്ടാത്തത്?. തരൂർ മൂന്നുതവണ എംപിയായി, കേന്ദ്രമന്ത്രിയായി. പാർട്ടിയിൽ എല്ലാ അവസരവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരും പാർട്ടിയുടെ നന്മയെ കരുതി പ്രവർത്തിക്കണം. വ്യക്തിയല്ല, പാർട്ടിയാണ് വലുത്. ഇക്കാര്യം എല്ലാവരും മനസിലാക്കി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ ഇല്ലാതാകും’- ചെന്നിത്തല പറഞ്ഞു.