തിരുവനന്തപുരം: ദീർഘദൂര സർവീസുകളുടെ കാര്യത്തിൽ പുതിയ പരിഷ്‍കാരവുമായി കെ.എസ്.ആർ.ടി.സി. പകൽ സമയത്ത് തിരുവനന്തപുരത്തുനിന്ന് വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ അങ്കമാലിയിൽവെച്ച് ബസ് മാറി കയറേണ്ടിവരും. അങ്കമാലിയെ ട്രാൻസിറ്റ് ഹബാക്കി മാറ്റാനാണ് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നത്.

സിംഗിൾ ഡ്യൂട്ടി പരിഷ്‍കാരം ദീർഘദൂര ബസുകളിൽ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റം. ഇത് നടപ്പിലാകുമ്പോൾ തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുന്നയാൾ അങ്കമാലിയിൽവെച്ച് മറ്റൊരു ബസിൽ കയറി യാത്ര തുടരേണ്ടിവരും. മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യുന്നവർക്ക് മാറി കയറുന്ന ബസിൽ അതേ സീറ്റ് തന്നെ ലഭിക്കും.

തിരുവനന്തപുരത്തുനിന്ന് വടക്കൻകേരളത്തിലേക്ക് കൊല്ലം, എറണാകുളം ദേശീയപാതവഴിയും കൊട്ടാരക്കര, കോട്ടയം എം.സി റോഡ് വഴിയുമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ദേശീയപാതയുടെയും എം.സി റോഡിന്‍റെയും സംഗമകേന്ദ്രം അങ്കമാലിയാണ്. അതിനാലാണ് അങ്കമാലിയെ ട്രാൻസിറ്റ് ഹബാക്കിയിരിക്കുന്നത്. 

പുതിയ തീരുമാനം നടപ്പിൽവരുന്നതോടെ 14 മണിക്കൂർ തുടർച്ചയായി ബസ് ഓടിക്കുന്ന അവസ്ഥ ഡ്രൈവർമാർക്ക് ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. ഡ്രൈവർമാരുടെ ഡ്യൂട്ടി സമയം കുറയുന്നതോടെ ജോലിഭാരം കുറയ്ക്കാനും അതുവഴിയുള്ള അപകടങ്ങൾ ഒഴിവാക്കാനും കഴിയും.

അർധരാത്രിക്ക് ശേഷവും പുലർച്ചെയുമായി ആരംഭിക്കുന്നതും പകൽ സമയത്ത് അവസാനിക്കുന്നതുമായ സർവീസുകളിലാണ് പുതിയ പരിഷ്ക്കാരം നടപ്പാക്കുന്നത്. അങ്കമാലി വരെയാണ് ഒരു ക്രൂവിന്‍റെ കീഴിൽ സർവീസ് ഓപ്പറേറ്റ് ചെയ്യുക. ഇവിടെനിന്ന് ജീവനക്കാർ മാറി കയറും. അതേസമയം രാത്രിയിൽ നടത്തുന്ന സർവീസുകളിൽ അത്യാവശ്യമാണെങ്കിൽ മാത്രമാകും യാത്രക്കാരെ മറ്റ് ബസിലേക്ക് മാറ്റുക. യാത്രക്കാർ ഉറങ്ങുന്ന സമയമായതിനാലാണിത്.