യോഗ ഗുരുവും ഹിന്ദുത്വ നേതാവുമായ ബാബാ രാംദേവിനെ പരിഹസിച്ച് പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത്. വസ്ത്രമില്ലെങ്കിലും സ്ത്രീകളെ കാണാൻ സുന്ദരികളാണെന്ന് സ്ത്രീകൾ തിങ്ങിനിറഞ്ഞ സദസിൽ രാംദേവ് പറഞ്ഞിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. രാംദേവിന്റെ പരാമർശത്തിന് രൂക്ഷ മറുപടിയുമായാണ് മഹുവ രംഗത്തെത്തിയിരിക്കുന്നത്.

‘ഇപ്പോൾ എനിക്ക് മനസ്സിലായി, പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീവേഷത്തിൽ ഓടി രക്ഷപെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. അദ്ദേഹത്തിന് സാരിയും സൽവാറും മറ്റു ചിലതുമാണ് ഇഷ്ടം. തലച്ചോറിന് തകരാർ ഉള്ളത് കൊണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും’ -രാംദേവിനെ രൂക്ഷമായി കടന്നാക്രമിച്ച് മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. 

2011ലെ സംഭവം ഓർമിപ്പിച്ചാണ് രാംദേവിനെ മഹുവ പരിഹസിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ് വേദിയിലിരിക്കെയാണ് രാംദേവ് വിവാദപ്രസ്താവന നടത്തിയത്. ‘സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്. അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്’ -എന്നായിരുന്നു രാംദേവിന്റെ പരാമർശം.