ടെഹ്റാൻ: ഖത്തർ ലോകകപ്പിലെ ‘രാഷ്ട്രീയ യുദ്ധ’മായി വിശേഷിക്കപ്പെട്ട ഇറാൻ- യു.എസ് മത്സരം നടക്കാനിരിക്കെ വാക്പോര് തുടങ്ങി. യു.എസ് ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കിയ പോയിന്റ് പട്ടികയിൽ ഇറാന്റെ ദേശീയ പതാകയിൽ മാറ്റം വരുത്തിയതാണ് പ്രശ്നമായത്.

ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഒഴിവാക്കിയാണ് ചാർട്ടിൽ ഇറാന്റെ പതാക നൽകിയത്. ഇത് ഇറാനെ അപമാനിക്കലാണെന്നും യു.എസിനെ പുറത്താക്കണമെന്നും സർക്കാർ വാർത്ത ഏജൻസിയായ തസ്തനീം ട്വീറ്റ്​ ചെയ്തു.

”ഇറാൻ ദേശീയ പതാകയുടെ വികൃതമാക്കിയ ചിത്രം നൽകുക വഴി യു.എസ് ഫുട്ബാൾ ​ഫെ​ഡറേഷൻ ഫിഫ ചട്ടം ലംഘിച്ചെന്നും 10 കളികളിൽ വിലക്കാണ് ഇതിന് ശിക്ഷയെന്നും ട്വീറ്റ് പറയുന്നു”.

എന്നാൽ, ഇറാനിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യമെന്നോണമാണ് പതാകയിൽ മാറ്റം വരുത്തിയതെന്നും നിയമലംഘനമില്ലെന്നും യു.എസ് വിശദീകരിച്ചു. ഗ്രൂപ് ബിയിലെ നിർണായക മത്സരം ചൊവ്വാഴ്ചയാണ്.