ഹാമി‍ൽട്ടൻ ∙ മികച്ച ഫോമിൽ തുടരുന്ന സഞ്ജു സാംസൺ, ഷാർദുൽ താക്കൂർ എന്നിവരെ ന്യൂസീലൻഡ‍ിനെതിരായ രണ്ടാം ഏകദിനത്തിൽ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം. ദീപക് ഹൂഡയും ദീപക് ചാഹറുമാണ് പകരം ടീമിൽ എത്തിയത്. ടീം കോമ്പിനേഷന്റെ പേരിൽ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ഒരു താരമാണോ സഞ്ജു സാംസൺ? എന്നായിരുന്നു ആരാധകരുടെ ചോദ്യം.ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്‌മെ‌ന്റിന്റെ വിശദീകരണം. പരിമിത ഓവറുകളിൽ തീർത്തും പരാജയമായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ഇടംകൈ ബാറ്ററുടെ ആനുകുല്യം ലഭിക്കാൻ ടീമിൽ നിലനിർത്തുകയും ചെയ്‍തു.


സഞ്ജു സാംസണിനോട് ബിസിസിഐ ചെയ്യുന്നത് ക്രൂരതയാണെന്നും ഋഷഭ് പന്തിനോടുള്ള അമിത വാത്‌സല്യം സഞ്ജുവിന്റെ കരിയറിന് ഫുൾസ്‌റ്റോപ് ഇടുമെന്നും ആരാധകർ ആശങ്കപ്പെടുന്നു. ‘It’s tough to be Sanju Samson’ എന്ന ഹാഷ്‌ടാഗിൽ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ന്യൂസീലൻഡ‍ിനെതിരായ പരമ്പരയിൽ ഒരു ഏകദിനം മാത്രം കളിപ്പിച്ചതിനു ശേഷം മാത്രം സഞ്ജുവിനെ പോലെയുള്ള പ്രതിഭയുള്ള താരത്തെ ഒഴിവാക്കിയത് കടുത്ത തീരുമാനമാണെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയും രംഗത്തെത്തി.

ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നുകയാണെങ്കിൽ വാഷിങ്‌ടൺ‌ സുന്ദർ ടീമിൽ ഉള്ളപ്പോൾ ദീപക് ഹൂഡയ്ക്ക് പകരം ദീപക് ചാഹർ ആയിരിക്കും എന്റെ ചോയിസ്. എന്നാൽ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനേക്കാൾ ഞാൻ ഇലവനിൽ പരിഗണിക്കുക ദീപക് ഹൂഡയെ തന്നെയാകും. ലോകപ്പ് ടീമിൽ ഉൾപ്പെടുത്തിയ ഹൂഡയെ ഇന്ത്യ ഉപയോഗപ്പെടുത്തിയില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു. ഹൂഡയ്ക്കായി വാദിക്കുമ്പോഴും കഴിഞ്ഞ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ ഒഴിവാക്കിയത് നല്ല തീരുമാനമാണെന്നു കരുതുന്നില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.