കുളത്തൂപ്പുഴ:പഴയ ഇരുചക്രവാഹനത്തിന്റെ യന്ത്രവും പാഴ്വസ്തുക്കളും ഉപയോഗിച്ച് നിർമിച്ച ബഗ്ഗി എന്ന നാലുചക്രവാഹനം ശാസ്ത്ര-സാങ്കേതിക മേളയിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. എറണാകുളം ഇലഞ്ഞി ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പ്രണവ് ആർ.കൃഷ്ണ തയ്യാറാക്കിയ ഓഫ് റോഡ് റൈഡർ മേളയിലെത്തിയവരുടെ ശ്രദ്ധകവർന്നു.
ഇരുചക്രവാഹനത്തിന്റെ യന്ത്രത്തിൽ കാറിന്റെ സ്റ്റിയറിങ്ങും ഓട്ടോറിക്ഷയുടെ ചക്രങ്ങളും ഘടിപ്പിച്ച് നാൽപ്പത് കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന വാഹനമാണ് തയ്യാറാക്കിയത്. വർക്കിങ് മോഡൽ വിഭാഗത്തിൽ അടിമാലി സ്കൂളിലെ അഭിനന്ദും പാലക്കാട് സ്കൂളിലെ ശ്രീവരദയും എ ഗ്രേഡ് നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആധുനിക സുരക്ഷാ സംവിധാനങ്ങളടങ്ങിയ വയറിങ്ങും അതിനെ നിയന്ത്രിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി പ്രദർശിപ്പിച്ച കോട്ടയം കടപ്ളാമറ്റം ടെക്നിക്കൽ ഹൈസ്കൂളിലെ അഗസ്റ്റിന് ജോർജ് ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.