ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് മുൻ കോൺഗ്രസ് എം.എൽ.എയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ. ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഡൽഹി ജാമിയ നഗറിൽ നടന്ന സംഭവത്തിൽ മിൻഹാസ്, സാബിർ എന്നിങ്ങനെ മറ്റുരണ്ടുപേരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഡൽഹി കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബാ ഖാൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. തയ്യിബ് മസ്ജിദിന് സമീപത്ത് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ആസിഫ് മുഹമ്മദ് ഖാൻ, മെഗാഫോൺ ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ആസിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, അനുമതി വാങ്ങിയിരുന്നോയെന്ന് അന്വേഷിച്ചു. ഇതിനേത്തുടർന്ന് ആസിഫ് മുഹമ്മദ് ഖാൻ പോലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും തെറിവിളിക്കുകയുമായിരുന്നവെന്നാണ് കേസ്. ഷഹീൻബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമർശവുമായി ബി.ജെ.പി. രംഗത്തെത്തി. കോൺഗ്രസ് നടപ്പാക്കുന്നത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണെന്ന് വീഡിയോയിലെ മുസ്ലിം മേഖല എന്ന പരാമർശത്തെ ചൂണ്ടിക്കാട്ടി ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല വിമർശിച്ചു. അതേസമയം, പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ എ.എ.പി. ശ്രമിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തി ചോദ്യംചെയ്തപ്പോൾ, സത്യം സംസാരിക്കുന്നത് പോലീസുകാർ തടയുകയായിരുന്നവെന്ന് ആസിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു.