കൊച്ചി: ഏത് ജില്ലയിലും പരിപാടികൾക്ക് പോകുമ്പോൾ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂർ എം.പി. പൊതുപരിപാടിയിലും കോൺഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോൾ അറിയിക്കാറുണ്ടെന്നും അത് പതിനാല് വർഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. എന്നാൽ, സ്വകാര്യപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രൊഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവിൽ കെ.പി.സി.സി. പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണിത്. ദേശീയതലത്തിൽ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയിൽ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റേതാണ്’, പ്രൊഫഷണൽ കോൺഗ്രസ് ദേശീയ ചെയർമാൻ കൂടിയായ തരൂർ പറഞ്ഞു.

നേരിട്ടു കാണുമ്പോൾ വി.ഡി. സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാൻ തങ്ങൾ കിന്റർഗാർട്ടനിലെ കുട്ടികളല്ലോ എന്ന് അദ്ദേഹം മറുപടി നൽകി. ‘നേരിട്ട് കണ്ടാൽ സംസാരിക്കാതിരിക്കാൻ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരുബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അൻവർ തന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവിൽ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാർട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകൾ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു, എന്റെ ഭാഗത്തുനിന്ന് വിവാദമോ അമർഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നൽകേണ്ടതുള്ളൂ. എനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി.