ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊവിഡ് മരണങ്ങളില്‍ ഏറെയും വാക്സിന്‍ എടുത്തവരെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 58 ശതമാനവും വാക്സിന്‍ സ്വീകരിച്ചവരോ ബൂസ്റ്റര്‍ ഡോസ് എടുത്തവരോ ആണെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊവിഡ് വ്യാപനം തുടങ്ങിയ 2020ന് ശേഷം രോഗം ബാധിച്ച് മരിച്ച അമേരിക്കക്കാരില്‍ ഭൂരിഭാഗവും വാക്സിന്‍ എടുത്തവരാണ്. 2021 ല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ 23 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചവരായിരുന്നെങ്കിൽ ഈ വര്‍ഷം ജനുവരി, ഫെബ്രുവരിയോടെ അത് ഇരട്ടിയായി. 42 ശതമാനമായാണ് ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വാക്സിന്‍റെ ഫലപ്രാപ്തി കുറഞ്ഞതാകാം വാക്സിന്‍ സ്വീകരിച്ചവരുടെ ഇടയില്‍ കൊവിഡ് മരണം കൂടാന്‍ കാരണമായത്തെന്നാണ്  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് പടര്‍ന്നതും മറ്റൊരു കാരണമാകാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.അതുകൊണ്ടുതന്നെ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇടയിലുള്ള മഹാമാരിയായി ഇതിനെ കണക്കാക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.