ന്യൂഡല്‍ഹി: 50 കോടി വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചതായാണ് വിവരം.

ഇന്ത്യയില്‍ മാത്രം 60ലക്ഷം വാടസ് ആപ്പ് ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നത്. ഫോണ്‍ നമ്പറുകളാണ് അജ്ഞാതന്‍ ചോര്‍ത്തിയത്. എങ്ങനെയാണ് നമ്പറുകള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയതെന്ന് വ്യക്തമല്ല.

ഹാക്കിങ് കമ്മ്യൂണിറ്റി ഫോറത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അജ്ഞാതന്‍ വില്‍പ്പനയ്ക്ക് വച്ചു എന്നതാണ സൈബര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍. വിവിധ വെബ്സൈറ്റുകളില്‍ നിന്നാവാം ഡേറ്റ ശേഖരിച്ചതെന്നാണ് വിവരം.

48 കോടി ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളാണ് ചോര്‍ന്നത്. ഇന്ത്യ ഉള്‍പ്പെടെ 84 രാജ്യങ്ങളിലായി വാട്സ് ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പറുകളാണ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഹാക്കര്‍മാര്‍ ഈ ഡേറ്റാ ബേസ് ഉപയോഗിച്ച് വിവിധ സൈബര്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയുള്ളതിനാല്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാട്സ് ആപ്പ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഡേറ്റ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.