രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പഠനം. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. രാത്രിയില്‍ ഉണരുന്നതിന് ഒട്ടേറെ കാരണങ്ങളാണ് ഉള്ളത്. ഇത് തലച്ചോറിന്റെ സ്വാഭാവിക പ്രതികരണമാണ്. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഇതുമൂലം പലപ്പോഴും ആളുകള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഈ അവസ്ഥയെ അബോധാവസ്ഥയിലുള്ള ഉണര്‍വ്വ് എന്ന് വിളിക്കുന്നു.

11 വര്‍ഷം നീണ്ട നിരീക്ഷണം 

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ഈ പ്രക്രിയയ്ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് കണ്ടെത്തി. മൂന്ന് വ്യത്യസ്തത പഠനങ്ങളാണ് നടത്തിയത്. ഓരോരുത്തരും എത്ര നേരം ഉറങ്ങുന്നുവെന്നും, രാത്രി എത്ര പ്രാവശ്യം ഉണരുന്നുവെന്നും ഏകദേശം ആറ് മുതല്‍ 11 വര്‍ഷം വരെ നിരീക്ഷിച്ചു.

സ്ത്രീകളില്‍ ഉറക്കക്കുറവ് കൂടുതല്‍ 

പുരുഷന്മാരേക്കാള്‍ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്. 

ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത

യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍  പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ അനുസരിച്ച്, ഈ ഗവേഷണത്തിന്റെ പ്രത്യേക ഫലം പുരുഷന്മാരില്‍ ഉണ്ടായിരുന്നില്ല. പുരുഷന്‍മാരില്‍ 9.6 ശതമാനം ഹൃദ്രോഗം മൂലവും, 28 ശതമാനം മറ്റേതെങ്കിലും കാരണങ്ങളാല്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

പുരുഷന്മാരും സ്ത്രീകളും തമ്മില്‍ എന്തുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തില്‍ ഇത്ര വ്യത്യാസമെന്ന് വ്യക്തമല്ലെന്ന് മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ (നെതര്‍ലാന്റ്‌സ്) കാര്‍ഡിയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡൊമിനിക് ലിന്‍സ് പറയുന്നു. എന്നാല്‍ രാത്രിയില്‍ ഉണരുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിക്കും എന്നതിലൂടെ ഇത് വിശദീകരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു. 

നല്ലതും മതിയായതുമായ ഉറക്കം അനിവാര്യമാണ്

നല്ല രീതിയിലല്ലാത്ത ഉറക്കം ഹൃദയത്തെ സാരമായിത്തന്നെ ബാധിക്കുന്നു. സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ‘ബോഡി ക്ലോക്കില്‍’ ഉണ്ടാകുന്ന തടസ്സം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ആരോഗ്യക്കുറവുള്ളവരില്‍ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതും മതിയായതുമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.