ബീഹാറിലെ ബെഗുസരായ് ജില്ലയിലെ ഗർഹാര റെയിൽവേ യാർഡിലേക്ക് തുരങ്കം നിർമ്മിച്ച് ഭാഗികമായി അറ്റകുറ്റപ്പണികൾക്കായി യാർഡിൽ സൂക്ഷിച്ചിരുന്ന ട്രെയിൻ ഡീസൽ എഞ്ചിന്റെ മുഴുവൻ ഭാഗവും മോഷ്‌ടിച്ചതായി പോലീസ്. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തതായി മുസാഫർപൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഇൻസ്പെക്‌ടർ പി എസ് ദുബെ അറിയിച്ചു.

റെയിൽവെ യാർഡിലേക്ക് തുരങ്കം തുരന്ന് എഞ്ചിൻ ഭാഗങ്ങളും, മറ്റ് സാധനങ്ങളും ചാക്കിൽകെട്ടി കൊണ്ടു പോവുകയായിരുന്നെന്ന് അറസ്‌റ്റിലായ മൂന്ന് പേരും ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ ഒരു സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമയെക്കുറിച്ചും പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. 

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുസാഫർപൂർ ജില്ലയിലെ പ്രഭാത് നഗർ പ്രദേശത്തെ ഒരു സ്ക്രാപ്പ് ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. പതിമൂന്നോളം ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ഇത് ഉണ്ടായിരുന്നത്. 

ട്രെയിൻ എഞ്ചിൻ ഭാഗങ്ങൾ, പഴയ എഞ്ചിനുകളുടെ ചക്രങ്ങൾ, ഇരുമ്പ് കൊണ്ട് നിർമ്മിച്ച മറ്റ് ഭാഗങ്ങൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നതായി ഇൻസ്പെക്‌ടർ പി എസ് ദുബെ പറഞ്ഞു. അതേസമയം, സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമയ്‌ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സ്‌റ്റീൽ പാലങ്ങളുടെ ബോൾട്ട് അഴിച്ച് അവയുടെ ഭാഗങ്ങൾ മോഷ്‌ടിച്ച കേസിലും പിടിയിലായ സംഘത്തിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.