വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ശനിയാഴ്‌ച രാവിലെ 34 യാത്രക്കാരുമായി പോയ ബോട്ട് ഗംഗാ നദിയിലേക്ക് മറിഞ്ഞു. അപകടം നടന്ന അധികം വൈകുന്നതിന് മുൻപേ തന്നെ ആളുകളെ മുഴുവൻ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത് വൻ ദുരന്തം ഒഴിവാക്കി. എന്നാൽ ഇതിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇരുവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഗംഗാ നദിയിലെ ശീത്‌ല ഘട്ടിന് മുന്നിലായിരുന്നു അപകടം. ശനിയാഴ്‌ച പുലർച്ചെ അഹല്യഭായ് ഘട്ടിലൂടെ നിറയെ യാത്രക്കാരുമായി പോകവെയാണ് ബോട്ട് പെട്ടെന്ന് മുങ്ങിയത്. പോലീസും റെസ്‌ക്യൂ ടീമും സമീപത്തുണ്ടായിരുന്ന, പ്രാദേശിക ബോട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ എല്ലാവരെയും പുറത്തെടുക്കുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ ചികിത്സയ്ക്കായി കബീർ ചൗര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. 

ബോട്ടിൽ ഏകദേശം 34 പേരുണ്ടായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ രാജേഷ് തിവാരി പറഞ്ഞു. യാത്രയ്ക്കിടെ പെട്ടെന്ന് ബോട്ടിൽ വെള്ളം കയറിയതോടെ ബോട്ടിലെ ജീവനക്കാരൻ ഉടൻ മുങ്ങുകയായിരുന്നു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന മറ്റ് ബോട്ട് ജീവനക്കാരും ആളുകളും രക്ഷാപ്രവർത്തനം ആരംഭിച്ചത്.