വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യവുമായി പർവതാരോഹണം ആരംഭിച്ച എമിലി ആ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ലഫായെറ്റ് കൊടുമുടിയുടെ വടക്കുപടിഞ്ഞാറ് ഭാ​ഗത്ത് നിന്നാണ് എമിലിയുടെ മൃതദേഹം ലഭിച്ചത്. ഒറ്റയ്ക്കുള്ള യാത്രക്കിടെ വഴി തെറ്റിയതോ കനത്ത മഞ്ഞുവീഴ്ചയുള്ള ലഫായെറ്റിലെ പ്രതികൂല കാലാവസ്ഥയോ ആവാം എമിലിയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനി​ഗമനം.

വൈറ്റ് പർവതത്തിലെ ഫ്രാങ്കോണിയ നിരയിലാണ് ലഫായെറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഫ്രാങ്കോണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ലഫായെറ്റ്. ഇതേപ്രദേശത്ത് 2021- ലും പർവതാരോഹണത്തിനിടെ എമിലിയ്ക്കും സംഘത്തിനും മടക്കയാത്രക്കിടെ വഴിതെറ്റിയതായി സുഹൃത്ത് ബ്രയാൻ ​ഗാർവേ പറഞ്ഞു. അന്ന് രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായതായും ബ്രയാൻ കൂട്ടിച്ചേർത്തു. നന്നായി കാറ്റ് വീശുന്ന ദിവസമാണെങ്കിൽ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണെന്നും ബ്രയാൻ പറഞ്ഞു.

കാറ്റും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചതായി എന്‍.എച്ച്. ഫിഷ് ആന്‍ഡ് ഗെയിം ലോ എന്‍ഫോഴ്സ്‌മെന്റ് ഡിവിഷൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിർഭാ​ഗ്യവശാൽ ബുധനാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് എമിലിയെ കണ്ടെത്താനായത്. തിരച്ചിലിനായി സേനയുടെ ഹെലികോപ്ടറും രം​ഗത്തുണ്ടായിരുന്നു. വാൻഡര്‍ബില്‍ട്ട് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് കെമിക്കൽ ബയോളജി വിദ്യാര്‍ഥിയാണ് എമിലി.