മയാമി (ഫ്ലോറിഡ): അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞതായി മയാമി മൃഗശാല അധികൃതർ അറിയിച്ചു.

ഡലിഫ് എന്ന ആന നവംബർ 24 വ്യാഴാഴ്ച ചരിയുമ്പോൾ 56 വയസ്സായിരുന്നു പ്രായം. ചില മാസങ്ങളായി ആരോഗ്യവും ശരീരഭാരവും കുറഞ്ഞു വരികയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

ഇന്ത്യയിൽ ജനിച്ച കുട്ടിയാനയെ 1960 ലാണ് സൗത്ത് ഫ്ലോറിഡയിൽ കൊണ്ടുവരുന്നത്. 1980 ൽ സൗത്ത് മയാമി സേഡിലുള്ള മൃഗശാലയിൽ എത്തി.10 അടി ഉയരവും, 10,000 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡേയിൽ രാവിലെ വളരെ ക്ഷീണിതനായി കഴിഞ്ഞിരുന്ന ആനക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകിയെങ്കിലും നേരെ നിർത്താനായില്ല. ഇന്ന് അവധി ദിനമായിട്ടും മൃഗശാലാ ജീവനക്കാർ എത്തി പീനട്ട് ബട്ടറും ജെല്ലിയും സാന്റ് വിച്ചും നൽകിയതു ആന കഴിച്ചിരുന്നു. കാന്റ്ലുപ്, വാട്ടർമെലൺ എന്നിവയും ആനക്കു നൽകി. അൽപ സമയത്തിനുശേഷം ആനയുടെ മരണം സ്ഥിരീകരിച്ചു.

മൃഗശാല സന്ദർശനത്തിനെത്തുന്നവർക്ക് ആനയുടെ ആകാരവും കൊമ്പും ആകർഷകമായിരുന്നു.ആനയുടെ വിടവാങ്ങൽ മയാമിയിലെ മൃഗസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും വളരെ നഷ്ടമാണെന്ന് സിറ്റി മേയർ ഡാനിയേല ലിവെൻ ട്വിറ്ററിൽ കുറിച്ചു. മൃഗശാലാ ജീവനക്കാർക്കും അധികൃതർക്കും ആനയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.