സിരോഹി: ജോലി ചെയ്‌തതിനുള്ള കൂലി ചോദിച്ച കാരണത്താൽ രാജസ്ഥാനിലെ സിരോഹി ജില്ലയിൽ നിന്നുള്ള ഒരു ദളിത് ഇലക്ട്രീഷ്യനെ മർദ്ദിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇതിന് ശേഷം യുവാവിനെ ആക്രമികൾ ചെരുപ്പ് മാല അണിയിച്ചുവെന്നും പോലീസ് പറഞ്ഞു. അരുതെന്ന് ആവശ്യപ്പെട്ടിട്ടും അക്രമികളിൽ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പോലീസ് പറയുന്നത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേരിലെത്തിയിരുന്നു.

“നവംബർ 23ന് മൂന്ന് പേർക്കെതിരെ ഭരത് കുമാർ (38) നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. കുമാർ 21,100 രൂപയുടെ ബിൽ വന്ന ഇലക്ട്രിക്കൽ ജോലികൾ ചെയ്‌തിരുന്നു. 5000 രൂപയായിരുന്നു ഇതിൽ പ്രതിഫലം. നവംബർ 19ന് കുമാർ ബാക്കി തുക ആവശ്യപ്പെട്ട് ഉച്ചയ്ക്ക് ഒരു ധാബയിൽ പോയി. എന്നാൽ രാത്രി 9 മണിക്ക് വരാൻ പറഞ്ഞു. രാത്രി 9.10ഓടെ ചെന്നപ്പോൾ പണം നൽകാതെ ഇവർ പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു” സിറോഹി ഡിഎസ്‌പി ദിനേഷ് കുമാർ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

“ഇതിനിടെ പ്രതിയും മറ്റുള്ളവരും ചേർന്ന് ഇയാളെ പിടികൂടി മർദിക്കുകയായിരുന്നു. കുമാറിനെ മർദിക്കുന്നതിനിടെ കഴുത്തിൽ ചെരുപ്പ് മാല ഇട്ടു. അതിലൊരാൾ വീഡിയോ എടുത്ത് പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്‌തിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളം പ്രതികൾ യുവാവിനെ ആക്രമിച്ചു” ദിനേഷ് കുമാർ കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.