ലുസൈല്‍: ബ്രസീലിയന്‍ ആക്രമണങ്ങള്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാര്‍ലിസണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പില്‍ ഒന്നാമത്. 

റഫിഞ്ഞ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. സെര്‍ബിയന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു തുടക്കം. മിലിങ്കോവിച്ചിന്റെ പാസ് ബോക്‌സിന് തൊട്ടുപുറത്ത് നില്‍ക്കുകയായിരുന്നു ഗുഡേലിന്്. എന്നാല്‍ ഓടിയടുത്ത റഫിഞ്ഞ പന്ത് തട്ടിയെടുത്തു. കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയ്ക്ക് അവസരം മുതലാക്കാനായില്ല. 

51-ാം മിനിറ്റില്‍ നെയ്മറുടെ ഫ്രീകിക്ക് പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്. 54-ാം മിനിറ്റില്‍ ഒരിക്കല്‍കൂടി റഫിഞ്ഞയ്ക്ക് ബോക്‌സില്‍ വച്ച് പന്തുകിട്ടി. എന്നാല്‍ പ്രതിരോധതാരം പാവ്‌ലോവിച്ചിന്റെ കൃത്യമായ ഇടപെടല്‍ ഗോളകറ്റി. 55-ാം മിനിറ്റില്‍ വിനിഷ്യസിന്റെ ക്രോസ് സെര്‍ബിയന്‍ ബോക്‌സിലേക്ക്. നെയ്മര്‍ ടാപ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 60-ാ മിനിറ്റില്‍ ബ്രസീലിയന്‍ പ്രതിരോധതാരം അലസാന്ദ്രോയുടെ 30 വാരെ നിന്നുള്ള ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു.