ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. 

ജിമെയിൽ വഴി എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും ഗൂഗിൾ വിശദമാക്കുന്നുണ്ട്. ഗിഫ്റ്റ് കാർഡുകൾ എന്ന പേരിലാണ് മെയിലുകൾ വരുന്നത്. ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിച്ചും പലരുടെ ഇൻബോക്സിൽ മെയിൽ വന്നേക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്.പണം ഓർഗനൈസേഷന് അയയ്ക്കുന്നതിന് പകരം നേരിട്ട്  അയയ്ക്കാം എന്ന് പറഞ്ഞുള്ള മെയിലുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്.

സബ്സ്ക്രിപ്ഷൻ പുതുക്കണം എന്ന് ആവശ്യവുമായി വരുന്ന മെയിലുകളിലൂടെ തട്ടിപ്പുകൾ നടക്കുന്നതും വ്യാപകമാണ്. വർഷാവസാനമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇൻബോക്സിൽ എത്തുന്ന മെയിലുകൾ ശ്രദ്ധയോടെ വേണം ഓപ്പൺ ചെയ്യാനെന്നാണ് ഗൂഗിൾ പറയുന്നത്. മുൻനിര സ്ഥാപനങ്ങളൊന്നും ആദ്യം പണം ചോദിക്കാറില്ല എന്നും ഗൂഗിൾ ഓർമിപ്പിച്ചു.