നേരത്തെ സസ്‌പെൻഡ് ചെയ്യപ്പെട്ട ചില അക്കൗണ്ടുകളുടെ നിരോധനം നീക്കണോ എന്നതുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് സംഘടിപ്പിച്ച് ഇലോൺ മസ്‌ക്. നിയമങ്ങൾ ലംഘിക്കുകയോ സ്‌പാമിൽ ഏർപ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകൾ മടക്കിനൽകാൻ യോഗ്യമാണെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. നവംബർ 23നാണ് മസ്‌ക് ഇതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് (പോൾ) ആരംഭിച്ചത്. നവംബർ 24 രാത്രി 11.16 വരെയാണ് ഇതിന് അനുവദിച്ച സമയം. ഏതാണ്ട് രണ്ട് ദശലക്ഷത്തോളം ഉപയോക്താക്കൾ പോളിൽ ഇതുവരെ പങ്കെടുത്തിട്ടുണ്ട്.

നേരത്തെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്ലാറ്റ്‌ഫോമിൽ തിരികെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഉപയോക്താക്കളോട് മസ്‌ക് ട്വിറ്ററിൽ മറ്റൊരു വോട്ടെടുപ്പ് നടത്തിയിരുന്നു. നിരവധി ഉപയോക്താക്കൾ ഇതിന് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടു വരികയും ചെയ്‌തു.

ആരുടെയൊക്കെ അക്കൗണ്ടുകൾ ഉടൻ ട്വിറ്ററിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ ട്വീറ്റിൽ വ്യക്തമല്ല. കങ്കണ റണാവത്ത്, അവരുടെ സഹോദരി രംഗോലി ചന്ദേൽ, അസീലിയ ബാങ്ക്സ്, ഗായകൻ അഭിജിത്ത് ഭട്ടാചാര്യ എന്നിവരും ട്വിറ്ററിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ചില പ്രമുഖ അക്കൗണ്ടുകളുടെ ഉടമകളാണ്‌.

അതേസമയം, പഴയ ട്വിറ്റർ അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാൻ മസ്‌ക് താൽപ്പര്യം പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. ഒക്‌ടോബർ അവസാനം കമ്പനി ഔദ്യോഗികമായി ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌ ഇങ്ങനെയാണ് “ചെറിയതും സംശയാസ്‌പദവുമായ കാരണങ്ങളാൽ സസ്പെൻഡ് ചെയ്യപ്പെട്ട ആരെയും ട്വിറ്റർ ഈ തടങ്കലിൽ നിന്ന് മോചിപ്പിക്കും”. ട്രംപിന് പുറമെ കന്യ വെസ്‌റ്റിന്റെ അക്കൗണ്ടും മസ്‌ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടുന്നത് പൂർത്തിയാക്കിയെന്നും കമ്പനി ഉടൻ പുതിയ നിയമനങ്ങൾ ആരംഭിക്കുമെന്നും അടുത്തിടെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. നേരത്തെ ഒക്‌ടോബർ അവസാനത്തിൽ ഇലോൺ മസ്‌ക് ഔദ്യോഗികമായി കമ്പനി ഏറ്റെടുത്തതിന്റെ ആദ്യ ആഴ്‌ചയിലാണ് ഒന്നാംഘട്ട പിരിച്ചുവിടൽ നടന്നത്. 

പുതിയ കർശനമായ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനായി മസ്‌ക് അവശേഷിക്കുന്ന ജീവനക്കാർക്ക് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ജീവനക്കാർ രാജിവച്ച് പുറത്തുപോയിരുന്നു. ആയിരത്തോളം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചതായാണ് സൂചന.