മഥുര: പോലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലികള്‍ കഴിച്ചെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മഥുര പോലീസാണ് ഷേര്‍ഗഡ്, ഹൈവേ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികള്‍ കഴിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് (1985) കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു കേസില്‍ കണ്ടെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് മറുപടിയായാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം 386 കിലോ കഞ്ചാവ് ഷെര്‍ഗഡ് പോലീസ് സ്റ്റേഷനിലും 195 കിലോഗ്രാം ഹൈവേ പോലീസ് സ്റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.

നവംബര്‍ 26നകം റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.അതേസമയം, ഒക്ടോബറില്‍ പെയ്ത മഴയില്‍ ഗോഡൗണില്‍ വെള്ളം കയറിയെന്നും അവിടെ സൂക്ഷിച്ചിരുന്ന കഞ്ചാവ് കേടായെന്നും ഹൈവേ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഛോട്ടേ ലാല്‍ പറഞ്ഞു. ഷെര്‍ഗഡ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സോനു കുമാറും സമാനമായ ഒരു കണക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം 60 ലക്ഷം രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിച്ചുപോയത്.