ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ നടപടി, തിഹാര്‍ ജയിലില്‍ നിന്ന് സത്യേന്ദര്‍ ജെയ്നിന്റെ വീഡിയോകള്‍ ചോര്‍ന്ന സംഭവം, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ പേമെന്റ് സീറ്റ് വിവാദം തുടങ്ങി വിഷയങ്ങള്‍ ഉന്നയിച്ച് അരവിന്ദ് കെജ്രിവാളിനെയും എഎപിയേയും ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി. ഉടന്‍ നടക്കാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഇതോടെ, രാജ്യതലസ്ഥാനത്ത് നടക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പ് എഎപിക്കും ബിജെപിക്കും അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധതയെ വഴിതിരിച്ചുവിടാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ ബോഡി തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടുന്നതിനായി എഎപി പൗരപ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതുവരെ, എഎപി മാലിന്യത്തിലും മറ്റ് പൗരപ്രശ്‌നങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നവംബര്‍ 25 മുതല്‍ ഉയര്‍ന്ന ആക്രമണാത്മക പ്രചാരണം ആരംഭിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോകളും തലസ്ഥാനത്തുടനീളമുള്ള നിരവധി പൊതുയോഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.