രു തിരക്കഥയിലെന്ന പോലെയാണ് ശശി തരൂരിന്റെ നീക്കങ്ങൾ. നാലുദിവസം നീണ്ടുനിന്ന മലബാർ പര്യടനം ഒരു തുടക്കം മാത്രം. അതിസൂഷ്മമായ കൃത്യതയോടെ എഴുതിവെച്ച തിരക്കഥയിൽ ഇനി വരുന്നത് കോൺഗ്രസിനെ മാത്രമല്ല, കേരള രാഷ്ട്രീയത്തെ ഒന്നാകെ പിടിച്ചുകുലുക്കാൻ പോകുന്ന അധ്യായങ്ങൾ. പുതിയ തന്ത്രങ്ങളും നീക്കങ്ങളുമായി ശശി തരൂർ കേരള രാഷ്ട്രീയത്തിൽ കളിക്കാനിറങ്ങുകയാണ്. ഓരോ നീക്കവും അളന്നുമുറിച്ചുകൊണ്ടുതന്നെ.

തരൂരിന്റെ തുടക്കം ഗംഭീരമായി. മലബാറിനെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു പര്യടനം തുടങ്ങിയത്. വളരെ കൃത്യമായി ചിട്ടപ്പെടുത്തിയ പരിപാടികൾ. ഏറ്റവും പ്രധാന രാഷ്ട്രീയ പരിപാടി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിളിച്ചുചേർത്ത പൊതുയോഗത്തിൽ ശശി തരൂരിന്റെ പ്രസംഗം. വിഷയം; ‘സംഘപരിവാരവും മതേതരത്വം നേരിടുന്ന ഭീഷണിയും’. കോൺഗ്രസിലെ ഉന്നതർ ഇടപെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളെ ശാസിച്ചതോടെ അവർ യോഗം നടത്തിപ്പിൽനിന്നു പിൻമാറി. വിലക്കുവന്നപ്പോൾ പ്രവർത്തകർക്ക് ആവേശം കൂടുകയാണ് ചെയ്തത്. അതേ വേദിയിൽ തരൂർ പ്രസംഗിച്ചു. പ്രസംഗം കേൾക്കാൻ ആളുകൾ തിങ്ങിക്കൂടി. 

കോഴിക്കോട്ടു തന്നെ കത്തോലിക്കാ സഭ താമരശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചിനാനിയിലുമായി സംഭാഷണം, പാണക്കാട് മുസ്ലീം ലീഗ് ആധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഉന്നത ലീഗ് നേതാക്കൻമാരുമായി കൂടിക്കാഴ്ച എന്നിങ്ങനെ നാലു ദിവസത്തെ തിരക്കിട്ട പരിപാടികൾ.

കോൺഗ്രസ് നേതൃത്വം പെട്ടെന്ന് അപകടം മണത്തറിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൂർച്ചയേറിയ വാക്കുകളുമായി തരൂരിനെ നേരിട്ടു. തങ്ങൾ നേതാക്കളായിരിക്കുമ്പോൾ വിഭാഗീയതയും സമാന്തര പാർട്ടി പ്രവർത്തനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും സതീശൻ മുന്നറിയിപ്പ് നൽകി. എന്നിട്ടും തരൂർ തെല്ലും കുലുങ്ങിയില്ല. പരിപാടികളൊക്കെയും നിശ്ചയിച്ച പോലെ തുടർന്നു. 

സതീശനു പിന്നിൽ പാർട്ടി ഹൈക്കമാൻഡിന്റെ കൈയ്യുണ്ടെന്നതു സ്വാഭാവികം. ഹൈക്കമാൻഡ് എന്നാൽ കെ.സി. വേണുഗോപാൽ. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരേ കരുക്കൾ മുഴുവൻ നീക്കിയത് കെ.സി വേണുഗോപാലാണ്. പരാജയത്തിലും തിളങ്ങി ശോഭിച്ച ശശി തരൂർ കേരളത്തിൽ പുതിയ പോർമുഖം തുറക്കുമെന്ന് ഹൈക്കമാൻഡോ പാർട്ടി കേരള നേതൃത്വമോ കണക്കുകൂട്ടിയില്ല. തരൂർ പര്യടനം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അതിനുപിന്നിലെ ഭീഷണി ഹൈക്കമാൻഡും കേരളനേതൃത്വവും അറിഞ്ഞത്. അപ്പോഴേക്ക് തരൂർ ഏറെ മുന്നേറിയിരുന്നു. പാണക്കാട്ട് ലീഗ് നേതൃത്വവുമായി ചർച്ച നടക്കുംവരെ.

തരൂർ തുടങ്ങിവെച്ച മലബാർ പര്യടനത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിപാടികളുടെ കൃത്യതയും മർമവുമൊക്കെ സൂക്ഷിച്ചു നോക്കിയാലറിയാം ഇതിനുപിന്നിലെ രാഷ്ട്രീയത്തിന്റെയും തന്ത്രങ്ങളുടെയും സ്വഭാവം. ശശി തരൂർ ഇതുവരെ കേരള രാഷ്ട്രീയത്തിൽ കളത്തിലിറങ്ങി കളിച്ചിട്ടില്ല. ഡൽഹിയിലാവട്ടെ, പാർലമെന്ററി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. അവിടെയും പരിധിവിട്ട് ഇടപെടാനുള്ള അവസരം അദ്ദേഹത്തിന് നൽകാതിരിക്കാൻ ഹൈക്കമാൻഡ് ശ്രദ്ധിച്ചു പോരികയും ചെയ്തു.

ഇന്നിപ്പോൾ കേരള രാഷ്ട്രീയത്തിൽ മുൻനിര കളിക്കാരനായി മാറിയിരിക്കുന്നു തരൂർ. പക്ഷേ, വെറുമൊരു ഒറ്റയാൻ കളിക്കാരനല്ല തരൂർ. തരൂരിനു പിന്നിൽ കോൺഗ്രസിന്റെ വൻ വൃക്ഷങ്ങൾ തന്നെയുണ്ട്, താങ്ങും തണലുമായി.

മലബാറിൽ തരൂരിനോടൊപ്പം എല്ലാ പരിപാടികളിലും കൂടെയുണ്ടായിരുന്നത് എം.കെ രാഘവനായിരുന്നു. നിഴൽപോലെ ഒപ്പം നിന്നു എം.കെ രാഘവൻ. ഒരിക്കലും സ്വന്തമായി എന്തെങ്കിലുമൊരു രാഷ്ട്രീയ നീക്കം നടത്തുന്ന നേതാവല്ല അദ്ദേഹം. ബഹളക്കാരനോ എടുത്തുചാട്ടക്കാരനോ അല്ല. ഒരുപക്ഷേ, രാഘവന്റെ രാഷ്ട്രീയ ജീവിതത്തിൽ ഹൈക്കമാന്റിനെ വരെ ധിക്കരിക്കാൻ പോരുന്ന, ഇതുപോലൊരു നീക്കം ആദ്യമായിട്ടുതന്നെയാവും. തരൂരിനൊപ്പമാണ് എം.കെ. രാഘവനും ലോക്സഭയിലെത്തിയത്. തരൂർ തിരുവനന്തപുരത്തുനിന്നും രാഘവൻ കോഴിക്കോട്ടുനിന്നും. 

കെ. മുരളീധരനും ശശി തരൂരിനെ പൂർണമനസ്സോടെ സ്വാഗതം ചെയ്യുന്നു. മുരളീധരന്റെ പിതാവ് കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കാലത്ത് കെ.എസ്.യുവിലൂടെ വളർന്നുവന്ന നേതാവാണ് കെ.സി. വേണുഗോപാൽ. തരൂർ കേരള രാഷ്ട്രീയത്തിലിറങ്ങുമ്പോൾ പിന്തുണ പ്രഖ്യാപിക്കാൻ മുരളീധരന് വേറെ കാരണമൊന്നും വേണ്ട.

കെ. സുധാകരനും തരൂരിനെതിരെ ഒന്നും മിണ്ടുന്നില്ല. കോൺഗ്രസിൽ കാറ്റിന്റെ ഗതി മാറുന്നത് സുധാകരനും മനസ്സിലാക്കിയിട്ടുണ്ടാവും. 

അവസാനം, എന്നാൽ ഏറ്റവും പ്രധാനമായി ഉമ്മൻചാണ്ടിയുടെ പേരുകൂടി നോക്കണം. ജർമനിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മൻചാണ്ടി വിശ്രമത്തിലാണ്. പക്ഷെ, ഉമ്മൻചാണ്ടി ഇപ്പോഴും എപ്പോഴും ഉണർന്നിരിക്കുന്നവനാണ്. ശശി തരൂരിന്റെ എണ്ണം കുറിച്ച പടനീക്കങ്ങളിൽ ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങളും ഉണ്ടാവില്ലേ? 

ആന്റണി പക്ഷത്തിന് ഇനി പുതിയൊരു നേതാവു വേണം. ആ നേതാവ് മുഖ്യസ്ഥാനത്തേക്ക് പറ്റിയ ആളുമായിരിക്കണം. ആന്റണി പക്ഷത്തിന്റെ പുതിയ നേതാവായി, പുതിയ മുഖ്യമന്ത്രി സ്ഥാനാർഥിയായി, സാക്ഷാൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുത്ത നേതാവല്ലേ ശശി തരൂർ? 

ഇനി ശശി തരൂരിന്റെ മലബാർ പര്യടനത്തിന്റെ വിശദാംശങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഇരുത്തംവന്ന ഒരു നേതാവിന്റെ, ഏറെ യുദ്ധങ്ങൾ പൊരുതി ജയിച്ചിട്ടുള്ള ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ, കൈയൊപ്പ് അതിലൊക്കെ കാണുന്നില്ലേ? കോഴിക്കോട്ട് ഡി.സി.സിയിൽ ചേർന്ന സമ്മേളനം മുതൽ പാണക്കാട്ടുനടന്ന ഉന്നതതല രാഷ്ട്രീയ ചർച്ചവരെ എത്രയെത്ര പരിപാടികൾ? ഇനി കോട്ടയത്ത് എൻ.എസ്.എസ് സമ്മേളനത്തിലെ പ്രസംഗം മുതൽ വരാനിരിക്കുന്ന പരിപാടികളെത്രയെത്ര? ഇതിലൊക്കെയും ഒരു വലിയ രാഷ്ട്രീയ നോതാവിന്റെ കൈയൊപ്പു കാണാനാവുന്നില്ലേ? അത് ഉമ്മൻ ചാണ്ടിയല്ലെങ്കിൽ പിന്നാര്?