യുഎഇ സന്ദർശിക്കണമെന്നത് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 22 വർഷത്തിന് ശേഷം അതിന് സാധിച്ചതു ശരിക്കും സുവർണാവസരമായി– മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) കൊണ്ടുപോകാനാണ് അദ്ദേഹം ദുബായിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു.  12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്.

ആഗ്രഹിച്ചത് 2 കോടി മാത്രം; ലഭിച്ചത് 45 കോടി

മെഹ്സൂസിൽ പങ്കെടുക്കുമ്പോഴൊക്കെ ദലീപിന്റെ ആഗ്രഹം 2 കോടി രൂപയെങ്കിലും കിട്ടണമെന്നായിരുന്നു. എന്നാൽ, തനിക്ക് സ്വപ്നം കാണാനാകുന്നതിലും വലിയ സംഖ്യയാണ് ലഭിച്ചതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും ദലീപ് പറഞ്ഞു. മെഹ്സൂസിന്റെ ഇ– മെയിൽ വന്നപ്പോഴാണ് സമ്മാനം ഉറപ്പാക്കിയത്. എന്നാൽ ഏറെ നേരം വിശ്വസിക്കാനേ പറ്റിയില്ല. അന്നു രാത്രിയും പിറ്റേന്ന് പകലും ഉറങ്ങാൻ സാധിച്ചില്ല. നാട്ടിലുള്ള ഭാര്യയെയും കോളജ് വിദ്യാർഥികളായ മൂന്നു മക്കളെയും വിളിച്ച് കാര്യം അറിയിച്ചു. ഭാര്യ ആദ്യം വിശ്വസിക്കാനേ കൂട്ടാക്കിയില്ല. മക്കൾ മെഹ്സൂസ് വെബ് സൈറ്റ് നോക്കി ഉറപ്പാക്കിയപ്പോഴാണ് അവർ വിശ്വസിച്ചത്. ഇത്രയും വലിയ സംഖ്യ എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ദുബായിൽ വസ്തുക്കൾ വാങ്ങുന്നതടക്കം ചില ബിസിനസ് പദ്ധതികൾ മനസിലുണ്ട്. ഏതായാലും കുവൈത്തിലെ ജോലി രാജിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

യുഎഇ സ്വപ്നയിടം; പുതുവത്സരാഘോഷം കുടുംബത്തോടൊപ്പം

കുവൈത്തിൽ ജീവിക്കുമ്പോഴും യുഎഇ കൊതിപ്പിച്ചുകൊണ്ടിരുന്നതായി ദലീപ് പറയുന്നു. ഭാര്യക്കും മക്കൾക്കുമെല്ലാം ഇവിടെ സന്ദർശിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇതുവരെ സാധിച്ചിട്ടില്ല. ഏതായാലും അടുത്ത പുതുവർഷാഘോഷം കുടുംബത്തോടൊപ്പം യുഎഇയിലായിരിക്കും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കൊള്ളാൻ ഇതിനകം കുടുംബത്തിനു നിർദേശം നൽകിക്കഴിഞ്ഞു.