ദോഹ: കോസ്റ്റാറീക്കയ്ക്കെതിരേ സ്പെയിൻ നിറഞ്ഞാടുകയായിരുന്നു. കുഞ്ഞൻ ടീമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്ക്കെതിരേ ഗോൾമഴ തീർത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് സ്പെയിൻ കോസ്റ്റ റീക്കയെ തകർത്തത്.

ഈ മത്സരത്തിലൂടെ നിരവധി റെക്കോഡുകൾ സ്പെയിൻ കുറിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാസുകളുടെ എണ്ണം തന്നെയാണ്. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകൾ പൂർത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

കോസ്റ്ററീക്കയ്ക്കെതിരേ 1043 പാസുകളാണ് സ്പെയിൻ സൃഷ്ടിച്ചത്. അതിൽ 976 എണ്ണം പൂർത്തീകരിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ 549 പാസുകൾ സൃഷ്ടിച്ചും സ്പെയിൻ റെക്കോഡ് കുറിച്ചു. പന്തടക്കത്തിലും സ്പെയിൻ ചരിത്രം കുറിച്ചു. 81.8 ശതമാനമാണ് സ്പെയിൻ മത്സരത്തിൽ പന്ത് കാലിൽ വെച്ചത്. ഇതും ലോകകപ്പിലെ റെക്കോഡാണ്.