മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിലും വാട്സാപ്പിന്റെ എല്ലാ ഫീച്ചറുകളും കൊണ്ടുവരാൻ മേധാവി ഇലോൺ മസ്‌ക് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ട്വിറ്റർ ഉപയോക്താക്കൾക്ക് കൂടുതൽ പേരിലേക്ക് അവരുടെ കാഴ്ചപ്പാടുകൾ എത്തിക്കാൻ ഉപകരിക്കുന്നതായിരിക്കും ഇത്. എന്നാൽ ട്വിറ്റർ പ്ലാറ്റ്‌ഫോം അതിൽ മാത്രം പരിമിതപ്പെടുത്താൻ മസ്ക് ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

ട്വിറ്ററിൽ വോയ്‌സ് കോളിങ്, വിഡിയോ കോളിങ്, എൻക്രിപ്റ്റ് ചെയ്‌ത മെസേജിങ് എന്നിവയെല്ലാം ഉണ്ടായിരിക്കണമെന്ന് മസ്ക് ആഗ്രഹിക്കുന്നു. വാട്സാപ്പിലും സിഗ്നൽ പോലുള്ള മറ്റ് മെസേജിങ് അപ്ലിക്കേഷനുകളിലും ഈ ഫീച്ചറുകളെല്ലാം ഉണ്ട്. ട്വിറ്ററിലും വോയിസും വിഡിയോയും മറ്റ് ഫീച്ചറുകളും ഉൾപ്പെടുത്തുന്നതിന് സിഗ്നൽ ആപ് നിർമാതാക്കളുടെ സഹായം തേടിയതായും മസ്‌ക് വെളിപ്പെടുത്തി.

ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ഓഫീസിൽ നടന്ന ഒരു മീറ്റിങ്ങിൽ ട്വിറ്ററിൽ വോയ്‌സ്, വിഡിയോ കോളിങ് ഫീച്ചറുകൾ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് ജീവനക്കാരോട് പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയില്ലാതെ ആശയവിനിമയം നടത്താനുള്ള സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നുവെന്നും മസ്‌ക് പറഞ്ഞതായി വെർജ് റിപ്പോർട്ട് ചെയ്തു.

ട്വിറ്ററിൽ നിന്ന് മെസേജുകൾ ചോരുന്നതിനെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 2019ൽ മെസേജുകൾ ചോരുന്നത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് ട്വിറ്റർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ട്വിറ്റർ 2.0 ൽ എൻക്രിപ്ഷൻ ഉൾപ്പെടുത്താൻ മസ്ക് തീരുമാനിച്ചതെന്നും പറയുന്നു.

മെസേജുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിൽ ട്വിറ്ററിനെ സഹായിക്കാൻ രംഗത്തുള്ള സിഗ്നലിന്റെ സ്രഷ്ടാവായ മോക്സി മാർലിൻസ്‌പൈക്കുമായി സംസാരിച്ചതായി മസ്‌ക് വെളിപ്പെടുത്തി. വിരോധാഭാസമെന്നു പറയട്ടെ, മോക്സി മാർലിൻസ്‌പൈക്ക് ട്വിറ്ററിൽ ജോലി ചെയ്യുന്ന കാലത്ത്, വർഷങ്ങൾക്കുമുൻപ് എൻക്രിപ്റ്റഡ് മെസേജിങ് സംവിധാനം കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ട്വിറ്റർ അത് നിരസിക്കുകയും തുടർന്ന് സിഗ്നൽ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു എന്ന് മസ്‌ക് പറഞ്ഞു.

ഫോൺ നമ്പർ നൽകാതെ തന്നെ ട്വിറ്ററിൽ വോയ്‌സ്, വിഡിയോ കോളിങ് ഫീച്ചറുകൾ ഉണ്ടായിരിക്കണമെന്നാണ് മസ്‌ക് ആഗ്രഹിക്കുന്നത്. ഫോൺ നമ്പർ നൽകാതെ തന്നെ ട്വിറ്ററിന് സുരക്ഷിതമായ കോളിങ് ഫീച്ചര്‍ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.