ഓൺലൈൻ ഫുഡ് ഡെലിവറിയൊക്കെ സർവസാധാരണമായെങ്കിലും നല്ല ഭക്ഷണം തേടി റെസ്റ്റൊറന്റുകളിൽ എത്തുന്നവർ ഇന്നും ധാരാളമാണ്. കുടുംബാംഗളോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒന്നിച്ച് അൽപസമയം ചെലവിടാനുള്ള അവസരം കൂടിയാണിത്. എന്നാൽ, ഹോട്ടൽ ഭക്ഷണത്തിന് ചെലവേറെയാണെന്ന പരാതിയും ഇന്ന് വ്യാപകമായി ഉയരുന്നുണ്ട്.

ഏതാനും വർഷം മുമ്പ് വരെയും ബഡ്ജറ്റ് ഫ്രണ്ട്ലിയായിരുന്ന ഹോട്ടലുകളിലൊക്കെയും ഈയടുത്ത നാളുകളിൽ വലിയതോതിൽ വില ഉയർന്നു. ഭക്ഷ്യക്ഷാമവും കോവിഡിന് ശേഷം പല മേഖലകളിലുണ്ടായ പ്രതിസന്ധിയും ഇതിന് ആക്കം കൂട്ടി. 

ഇതിനിടെ ചർച്ചയാവുകയാണ് 1985-ലെ ഒരു ഹോട്ടൽ ബില്ല്. ഹോട്ടൽ ബില്ലിലെ തുക കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. ഈ ബില്ല് 2013 ഓഗസ്റ്റ് 12-നാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇപ്പോഴാണത് വൈറലായിരിക്കുന്നത്. ഡൽഹിയിലെ ലാജ്പത് നഗറിൽ പ്രവർത്തിക്കുന്ന ലസീസ് റെസ്റ്റൊറന്റ് ആൻഡ് ഹോട്ടലാണ് ബില്ല് പങ്കുവെച്ചിരിക്കുന്നത്. 1985 ഡിസംബർ 20-ന് തയ്യാറാക്കിയതാണ് ഈ ബില്ല്.

ഷഹി പനീർ, ദാൽ മഖ്നി, റെയ്ത്ത, ചപ്പാത്തി എന്നിവയാണ് ബില്ലിൽ കാണിച്ചിരിക്കുന്ന വിഭവങ്ങൾ. ഇവയ്ക്കെല്ലാം കൂടി 26.30 പൈസയാണ് ആകെ ബിൽ തുക. ഇന്ന് ഏകദേശം ഒരു പാക്കറ്റ് ചിപ്സിന്റെ വിലയോളം വരും ഇത്. ഇതിനോടകം നൂറ് കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ദൈവമേ അന്ന് എന്തൊരു വിലക്കുറവായിരുന്നുവെന്നും അന്ന് പണത്തിന് ഏറെ മൂല്യമുണ്ടായിരുന്നുവെന്നും പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തു. അതേസമയം, ഇത്ര പഴയ ബില്ല് സൂക്ഷിച്ച് വെച്ചതിന് ഹോട്ടൽ അധികൃതരെ അഭിനന്ദിച്ചവരും ഏറെയാണ്.