പത്തനംതിട്ട∙ റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം വിവാദത്തിൽ. കലക്ടറേറ്റിൽനിന്ന് തപാലിൽ നിയമന ഉത്തരവ് അയയ്ക്കുന്നതിനു മുൻപു തന്നെ ഉത്തരവ് കൈപ്പറ്റി രണ്ടു പേർ ജോലിയിൽ പ്രവേശിച്ചെന്നു പരാതി. സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്.അയ്യർ അന്വേഷണത്തിന് ഉത്തരവിട്ടു.

പിഎസ്‌സി ശുപാർശ പ്രകാരം 25 പേർക്ക് റവന്യു വകുപ്പിൽ നിയമനം നൽകിക്കൊണ്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. കലക്ടറേറ്റിൽനിന്ന് തപാൽ മാർഗമാണ് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് എത്തേണ്ടത്. എന്നാൽ ഉത്തരവിൽ ജില്ലാ കലക്ടർ ഒപ്പിട്ട് മണിക്കൂറുകൾക്കകം രണ്ടു പേർ അടൂർ താലൂക്കിൽ ജോലിക്കു പ്രവേശിച്ചതാണു വിവാദമായത്.

ലിസ്റ്റിലെ പത്താം സ്ഥാനക്കാരനായ വെളിയം സ്വദേശിക്കും പതിനാലാം സ്ഥാനക്കാരിയായ കോട്ടാത്തല സ്വദേശിനിക്കും ഉത്തരവ് നേരിട്ട് കൈമാറിയതായാണ് പരാതി. മറ്റുള്ള 23 പേർക്കും തപാൽ വഴി ഇന്നലെയാണ് ഉത്തരവ് അയച്ചത്.

വിഷയത്തിൽ പ്രതിഷേധിച്ച് എൻജിഒ സംഘ് കലക്ടറുടെ ചേംബറിൽ കയറി പ്രതിഷേധിച്ചു. അതേസമയം, സ്ഥിര മേൽവിലാസത്തിലല്ല താമസമെന്ന് കാണിച്ച് ഉദ്യോഗാർഥികൾ രേഖാമൂലം എഴുതി നൽകിയതിനാലാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്നാണ് ജോയിന്റ് കൗൺസിലിന്റെ വിശദീകരണം.