മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം കണ്ട് യാത്രക്കാരും വിമാനത്താവളത്തിലെ പല ജീവനക്കാരും ഞെട്ടി. പലരും ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് വലിയൊരു വിമാനമായിരുന്നു കൺമുന്നിൽ പറന്നിറങ്ങിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമായി എയ‍ർബസ് ബലൂഗയാണ് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തിയത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്നതിനായായിരുന്നു ബലൂഗ മുംബൈയിലെത്തിയത്.

“എയർബസ് ബലൂഗ സൂപ്പർ ട്രാൻസ്പോർട്ടർ ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തി. നമ്മളെല്ലാം അമ്പരപ്പിലാണ്. മറ്റൊരിടത്തും കാണാത്ത ഈ രൂപകൽപനയെപ്പറ്റി നിങ്ങൾക്ക് എന്താണ് തോന്നുന്നത്?” എന്നായിരുന്നു മുംബൈ വിമാനത്താവള അതോരിറ്റി ട്വിറ്ററിൽ കുറിച്ചത്. വിമാനം നേരിൽ കണ്ട പലരും ട്വിറ്ററിൽ ഇതിൻ്റെ ചിത്രവും പങ്കുവെച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനമായ എയർബസ് ബലൂഗ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വലുപ്പമുള്ള എയർബസ് ബലൂഗയ്ക്ക് വേറെയും സവിശേഷതകളുണ്ട്.

അസാമാന്യ വലുപ്പമുള്ള ബലൂഗ ഒരു ചരക്കുവിമാനം തന്നെയാണ്. ലോകത്തെ മുൻനിര വിമാനനിർമാണക്കമ്പനിയായ എയർബസിനു വേണ്ടി ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളിൽ നിന്ന് വലുപ്പമേറിയ വിമാനഭാഗങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബലൂഗ നിർമിച്ചിട്ടുള്ളത്. 7.7 മീറ്റർ ഉയരമുള്ള ഫ്യൂസലേജിനുള്ളിലെ കാർഗോ സ്പേസിൽ വമ്പൻ എ380 വിമാനങ്ങളുടെ ചിറകുകളുടെ ഭാഗങ്ങൾ പോലും കയറും. 56.15 മീറ്റർ നീളമുള്ള വിമാനത്തിൻ്റെ ചിറകു ഭാഗത്തിന് 44 മീറ്ററോളം വീതിയുണ്ട്. 17 മീറ്ററാണ് വിമാനത്തിൻ്റെ മൊത്തം ഉയരം – അതായത് അഞ്ച് നിലക്കെട്ടിടത്തോളം ഉയരം.

ബലൂഗ വിമാനത്തിന് ഒരു തിമിംഗലത്തിൻ്റെ രൂപമുണ്ടെങ്കിലും അതിശയിക്കാനില്ല. ബലൂഗ എന്ന പേരു തന്നെ അങ്ങനെ ലഭിച്ചതാണ്. സൂപ്പർ ട്രാൻസ്പോർട്ടർ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ആർട്ടിക് മേഖലയിൽ കാണുന്ന ബലൂഗ തിമിംഗലത്തോടുള്ള രൂപസാദൃശ്യമാണ് ഈ പേരിലേയ്ക്ക് നയിച്ചത്.

വലുപ്പമില്ലാതെ പറ്റില്ല

ഈ വിമാനം നിർമിച്ചതിനു പിന്നിലും വലിയ കഥയുണ്ട്. എയർബസ് കമ്പനി മുൻപ് യൂറോപ്പിൽ പലയിടത്തായി ചിതറിക്കിടക്കുന്ന ചെറു കമ്പനികളുടെ ഒരു കൺസോർഷ്യമായിരുന്നു. വിമാനഭാഗങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ പല രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ പങ്കാളികളായ ഓരോ കമ്പനിയും ഓരോ വിമാനഭാഗങ്ങൾ പൂർണമായും നിർമിച്ച് അസംബ്ലി ചെയ്യുന്ന അവസാന കേന്ദ്രത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു പതിവ്. ചിറകുകളും ലാൻഡിങ് ഗിയറും യുകെയിലാണ് നിർമിക്കുന്നതെങ്കിൽ വാലും വാതിലുകളും സ്പെയിനിലാണ് നിർമിക്കുന്നത്. വിമാനത്തിൻ്റെ ഫ്യൂസലേജ് ജർമനിയിലും മൂക്കും നടുഭാഗവും ഫ്രാൻസിലുമാണ് തയ്യാറാക്കുക. എയർബസ് ഒറ്റ കമ്പനിയായ ശേഷവും ഇതിൽ മാറ്റം വന്നില്ല. വലിയ വലുപ്പമുള്ള വിമാനഭാഗങ്ങൾ റോഡ് വഴിയോ കപ്പൽ മാർഗമോ എത്തിക്കും. എന്നാൽ ആവശ്യക്കാരും നിർമാണവും വർധിച്ചതോടെ ഈ കാലതാമസം വലിയ പ്രശ്നമായി. ഇതോടെ വിമാനഭാഗങ്ങൾ ആകാശമാർഗം എത്തിക്കാൻ തീരുമാനിച്ചു. ഇങ്ങനെ വലുപ്പമേറിയ വിമാനഭാഗങ്ങൾ ആകാശമാർഗം കൊണ്ടുവരുന്നതിന് ഭീമൻ ഫ്യൂസലേജോടു കൂടിയ സ്കൈലിങ്ക് സൂപ്പർ ഗപ്പി എന്ന വിമാനം 1984ൽ നിർമിച്ചു. അതുവരെ റെയിൽ മാർഗവും റോഡ് മാർഗവും കൊണ്ടുപോയിരുന്ന വിമാനഭാഗങ്ങളിൽ പലതും നാല് ഗപ്പി വിമാനങ്ങൾ അതിവേഗം അസംബ്ലിങ് കേന്ദ്രത്തിലേയ്ക്ക് എത്തിക്കാൻ തുടങ്ങി. നാസയുടെ ബഹിരാകാശ പദ്ധതിയ്ക്കായി തയ്യാറാക്കിയ 1940 മോഡൽ ബോയിങ് സ്ട്രാറ്റോക്രൂസർ വിമാനത്തിൽ മാറ്റങ്ങൾ വരുത്തിയായിരുന്നു ഈ വിമാനം തയ്യാറാക്കിയത്. എന്നാൽ ഓരോ എയർബസ് വിമാനവും നിർമിക്കുന്നത് ബോയിങ് വിമാനത്തിൻ്റെ ചിറകിലേറിയാണ് എന്ന പഴി എയർബസിന് വലിയ തലവേദനയാകുകയും ചെയ്തു.

എന്നാൽ കാലപ്പഴക്കം കൂടിയായതോടെ എയർബസിന് പിന്നീട് മറ്റു വഴികൾ ആലോചിക്കേണ്ടി വന്നു. ഇന്ധനത്തിൻ്റെ ഉപയോഗവും വളരെ കൂടുതലായിരുന്നു. ഗപ്പി വിമാനങ്ങൾ നിലത്തിറക്കി വിമാനഘടകങ്ങൾ കൊണ്ടുപോകാൻ എയർബസ് മറ്റു വഴികൾ ആലോചിച്ചു. റോഡ്, റെയിൽ, കപ്പൽ മാർഗങ്ങളെല്ലാം ആലോചിച്ചെങ്കിലും ചരക്കുനീക്കത്തിലെ കാലതാമസമായിരുന്നു വെല്ലുവിളി. കൂടാതെ ഫ്രാൻസിലെ ടൂളൂസിലേയ്ക്ക് റോഡ്, റെയിൽ ഗതാഗതമാർഗങ്ങൾ പരിമിതവുമായിരുന്നു. ഇതോടെ 1990കളുടെ പകുതിയോടെ ഗപ്പി വിമാനങ്ങൾക്ക് പകരം വെക്കാൻ പുതിയ വിമാനം വികസിപ്പിക്കാൻ എയർബസ് ശ്രമം ആരംഭിച്ചു.

എയർബസ് നിർമിക്കുന്ന ഏറ്റവും വലുപ്പമേറിയ വിമാനഭാഗവും കയറ്റാൻ തക്ക വലുപ്പവും ശക്തിയും പുതിയ ചരക്കുവിമാനത്തിന് ഉണ്ടാകണം എന്നതായിരുന്നു ആവശ്യം. ഇതിനായി പല മാർഗങ്ങളും പരിഗണിച്ചു. ലഭ്യമായ വലിയ വിമാനങ്ങളായ ആൻ്റോണോവ് 124, ഇലൂഷിൻ ഇൽ 86, ബോയിങ് 747, ബോയിങ് 767, ലോക്ക്ഹീഡ് സി5 ഗാലക്സി, ഗ്ലോബ്മാസ്റ്റർ 3 എന്നിങ്ങനെ ശക്തിയേറിയ വലിയ വിമാനങ്ങളെല്ലാം പരിഗണിച്ചെങ്കിലും വലുപ്പമില്ലായ്മ വലിയ പ്രശ്നമായി തുടർന്നു. ബോയിങ് 767 വിമാനങ്ങൾക്ക് വലിയ ഫ്യൂസലേജ് ഘടിപ്പിച്ചു നൽകാമെന്ന വാഗ്ദാനവും നിസരിക്കപ്പെട്ടു. ഒടുവിൽ എയർബസ് കുടുംബത്തിൽ നിന്നു തന്നെയുള്ള എ300 – 600ആർ എന്ന ഇരട്ട എൻജിൻ വിമാനത്തിൽ മാറ്റങ്ങൾ വരുത്തി ഭീമൻ വിമാനം ഉണ്ടാക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടു.

ഇതിനായി 1991 ഓഗസ്റ്റിൽ എയർബസ് കമ്പനിയുടെ പങ്കാളികളായ എയ്റോസ്പേഷ്യൽ, ഡാസാ എന്നീ രണ്ട് കമ്പനികൾ ചേർന്ന് പുതിയ സംയുക്ത സംരംഭം ആരംഭിച്ചു. 1992 സെപ്റ്റംബറിൽ ആദ്യ ബലൂഗയുടെ നിർമാണം ആരംഭിച്ചു. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി 1994ൽ യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ അംഗീകാരവും നേടി. എയർബസിൻ്റെ അനുബന്ധ കമ്പനികളിൽ പലതിൻ്റെയും സഹായത്തോടെയാണ് ബലൂഗ വിമാനം നിർമിച്ചത്. ഗപ്പി വിമാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ ബലൂഗ ഏറെ മുന്നിലായിരുന്നു. വലുപ്പത്തിലും വേഗതയിലും മുന്നിലുള്ള വിമാനത്തിന് മൂന്നിരട്ടിയോളം ഇന്ധനക്ഷമതയുമുണ്ട്. നൂറ് കോടി ഡോളറാണ് എയർബസ് ഈ പദ്ധതിയ്ക്കായി മുതൽ മുടക്കിയത്. അഞ്ചോളം വിമാനങ്ങളും നിർമിച്ചു. ഇന്ന് ബലൂഗ വിമാനങ്ങൾ പറത്താനായി പ്രത്യേക ഉപകമ്പനിയും എയർബസിനുണ്ട്.

ആഴ്ചയിൽ 60 തവണ വീതം യൂറോപ്പിലെ ഒൻപത് എയർബസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ബലൂഗ വിമാനങ്ങൾ പറക്കുന്നുണ്ട്. എയർബസ് ഭാഗങ്ങൾ കൊണ്ടുപാകനാണ് നിർമിച്ചതെങ്കിലും ആവശ്യക്കാർക്ക് വിമാനങ്ങൾ വാടകയ്ക്ക് നൽകാറുമുണ്ട്. ബഹിരാകാശ വാഹനങ്ങളുടെ ഘടകങ്ങളും വലിയ കലാസൃഷ്ടികളും യന്ത്രസാമഗ്രികളും ഹെലികോപ്റ്ററുകളും പലയിടത്തേയ്ക്കായി ബലൂഗ വിമാനങ്ങൾ എത്തിക്കുന്നുണ്ട്. ബലൂഗയെക്കാൾ വലുപ്പമേറിയ ബലൂഗ എക്സ്എൽ 2018ലാണ് നിർമിക്കുന്നത്.