വിര്‍ജീനിയ: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെര്‍ജീനിയയിലെ ചെസാപീക്കിലെ വാള്‍മാര്‍ട്ട്  സ്റ്റോറിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിനിടെ അക്രമിയും കൊല്ലപ്പെട്ടു. ‘സാംസ് സര്‍ക്കിളിലെ വാള്‍മാര്‍ട്ടില്‍  ഒരു വെടിവെയ്പ്പ് നടന്നതായി ചെസാപീക്ക് പോലീസ് സ്ഥിരീകരിക്കുന്നു. വെടിവെച്ചയാള്‍ കൊല്ലപ്പെട്ടു’ സിറ്റി ഓഫ് ചെസാപീക്ക് ട്വിറ്ററിലൂടെ അറിയിച്ചു. 

40 ലധികം എമര്‍ജന്‍സി വാഹനങ്ങള്‍ അക്രമം നടന്ന വാള്‍മാര്‍ട്ട് ഔട്ട്ലെറ്റിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.സംഭവത്തില്‍ വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റര്‍ ലൂയിസ് ലൂക്കാസ് പ്രതികരണവുമായി എത്തി. ‘ അമേരിക്കയിലെ ഏറ്റവും പുതിയ കൂട്ട വെടിവയ്പ്പ് ഇന്ന് രാത്രി വെര്‍ജീനിയയിലെ ചെസാപീക്കിലുള്ള വാള്‍മാര്‍ട്ടില്‍ നടന്നു. അതില്‍ വേദനയുണ്ട്. തോക്കുധാരികളുടെ ഈ അക്രമം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല.’  അവര്‍ ട്വിറ്ററില്‍ കുറിച്ചു

കഴിഞ്ഞ 20 നും അമേരിക്കയില്‍ വെടിവെയ്പ്പുണ്ടായിരുന്നു.കൊളറാഡോയിലെ സ്വവര്‍ഗ്ഗാനുരാഗ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.