നെടുങ്കണ്ടം: ജാതിപത്രിയിൽ നിന്നൊരു സ്പൈഡർമാൻ. തൂക്കുപാലം – പുത്തരിക്കണ്ടം ബ്ലോക്ക് നമ്പർ 479ൽ എം.ഡി. അച്ചൻകുഞ്ഞ്- ഇന്ദിര ദമ്പതികളുടെ മകൻ നിഷാന്തെന്ന ടുട്ടുമോനാ (32) ണു ജാതിപത്രി ഉപയോഗിച്ചു സ്പെഡർമാനെ നിർമിച്ചത്. നട്ടെല്ലിനു ഗുരുതര ക്ഷതമേറ്റു പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ടുട്ടുമോന്റെ അതിജീവനമാണു ഇതിലൂടെ തെളിയുന്നത്.

25 ദിവസം മുൻപു നട്ടെല്ലിന്റെ തകരാറു പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്നതിനിടെയാണ് അമ്മ ഇന്ദിര അച്ചാറിടാനായി വാങ്ങിയ ജാതിക്കയിൽ ടുട്ടുമോന്റെ കണ്ണുടക്കിയത്. ജാതിക്കാ കുരുവിനെ ചുറ്റിവരിഞ്ഞുള്ള ജാതിപത്രി ഉപയോഗിച്ച് ഒരു സ്പൈഡർമാനെ നിർമിക്കാം. അങ്ങനെ സ്പൈഡർമാൻ ജാതിപത്രിയിൽ പിറവിയെടുത്തു.

മോഹൻ ലാൽ, മമ്മൂട്ടി, തിലകൻ, പൃഥ്വിരാജ്, ദിലീപ്, കെ.എസ്.ചിത്ര, ശ്രീനിവാസൻ, സലിം കുമാർ, കുഞ്ചാക്കോ ബോബൻ, ജഗതി ശ്രീകുമാർ, വിനായകൻ, ഫഹദ് ഫാസിൽ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, ജയസൂര്യ, ജയറാം, കാവ്യ മാധവൻ, പ്രേം നസീർ തുടങ്ങി സിനിമാതാരങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, കെ.കെ.ഷൈലജ, എം.എം.മണി തുടങ്ങിയ രാഷ്ട്രീയക്കാരെയും ടുട്ടുമോൻ വരച്ചിട്ടുണ്ട്.

8 വർഷം മുൻപു കുമളിയിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണു നടുവിനു ക്ഷതമേറ്റത്. 10 ലക്ഷം രൂപ ഇതുവരെ ചികിത്സയ്ക്കായി ചെലവായി. മൂന്നര വർഷത്തെ ചികിത്സയ്ക്കൊടുവിലാണു ചലനം വീണ്ടെടുത്തത്. പൂർണമായി നടക്കണമെങ്കിൽ ഫിസിയോതെറപ്പി ചെയ്യണം. ഇതിനായി ചിത്രങ്ങൾ വരച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടുട്ടുമോൻ.