കഴിഞ്ഞ ഒരു മാസത്തിനിടെ ആകെയുള്ള 7500 പേരുടെ ജീവനക്കാരുടെ മൂന്നിൽ രണ്ട് പേരെയും പിരിച്ചുവിട്ടതിന് ശേഷം വീണ്ടും നിയമനം ആരംഭിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഒക്‌ടോബർ അവസാനത്തിൽ ഇലോൺ മസ്‌ക് കമ്പനി ഔദ്യോഗികമായി ഏറ്റെടുത്ത ആഴ്‌ചയിലാണ് ആദ്യ ബാച്ച് പിരിച്ചുവിടൽ നടന്നത്. തുടർന്ന് കമ്പനി വരും ആഴ്‌ചകളിൽ കൂടുതൽ ജീവനക്കാരെ പിരിച്ചു വിടുകയുണ്ടായി. 

പുതിയ കർശനമായ തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനായി മസ്‌ക് അവശേഷിക്കുന്ന ജീവനക്കാർക്ക് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ജീവനക്കാർ രാജിവച്ച് പുറത്തുപോയിരുന്നു. ആയിരത്തോളം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചതായാണ് സൂചന. ദി വെർജ് പറയുന്നതനുസരിച്ച് കമ്പനി പിരിച്ചുവിടലുകൾ പൂർത്തിയാക്കിയെന്നും എഞ്ചിനീയറിംഗ്, സെയിൽസ് എന്നീ വിഭാഗങ്ങൾക്കായി പുതിയ നിയമനം ഉടനുണ്ടാവുമെന്നുമാണ് അറിയാൻ കഴിഞ്ഞത്.

ട്വിറ്റർ നിയമനം നടത്താൻ ഉദ്ദേശിക്കുന്ന എഞ്ചിനീയറിംഗ് പോസ്‌റ്റുകൾ ഏതൊക്കെയാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ലെന്നും, കമ്പനി ഇതുവരെ പോസ്റ്റിംഗുകൾ ലിസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും മറ്റൊരു റിപ്പോർട്ട് എടുത്തുകാണിക്കുന്നു. എന്നാൽ സോഫ്റ്റ്‌വെയർ മേഖലയിലാവും കൂടുതൽ നിയമനം നടത്തുകയെന്ന് മസ്‌ക് സൂചന നൽകിയിട്ടുണ്ട്.

ട്വിറ്ററിന്റെ ആസ്ഥാനം സാന്ഫ്രാന്സിസ്കോയിൽ നിന്ന് ടെക്‌സസിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മസ്‌ക് വിരാമമിട്ടു. എന്നാൽ രണ്ട് ആസ്ഥാനങ്ങൾ എന്ന സാധ്യത മസ്‌ക് തള്ളിക്കളഞ്ഞിട്ടുമില്ല. ഫെഡറൽ ടാക്‌സ് ഇളവ് കൂടുതലുള്ള ടെക്‌സസാണ് മസ്‌കിനും പ്രിയം. 

അതേസമയം, ട്വിറ്റർ തിങ്കളാഴ്‌ച സെയിൽസ്, പാർട്‌ണർഷിപ്പ് ടീമുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടതായി ദി വെർജും, ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്‌തിരുന്നു. നേരത്തെ ഒക്‌ടോബർ 27ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിനുശേഷം നിരവധി മുൻനിര എഞ്ചിനീയർമാരും മാനേജർമാരും ഒന്നുകിൽ രാജിവെക്കുകയോ, പുറത്താക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്.