ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ രണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. പരിക്കേറ്റ പ്രഭാത് സർക്കാർ എന്ന ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ടിഎംസി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആകെ 41 ടിഎംസി പ്രവർത്തകർ അറസ്‌റ്റിലായി കഴിഞ്ഞു. ബഷീർഹട്ടിൽ സംഘർഷം തടയാനെത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ പ്രഭാത് സർക്കാർ. ഇതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ടിഎംസി ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും, ടിഎംസിക്ക് വേണ്ടി പണം പിരിച്ചെടുക്കാനും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനും സംസ്ഥാന പോലീസ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ദിലീപ് ഘോഷ് വാർത്തയോട് പ്രതികരിച്ചു.

“എല്ലാ സാമൂഹിക വിരുദ്ധരും ടിഎംസിയിൽ തന്നെ ഉള്ളതിനാൽ സംഘർഷം ഉണ്ടാകും. ഈ സാമൂഹിക വിരുദ്ധരെ തൊടാൻ പോലീസിന് ധൈര്യമില്ല. തിരഞ്ഞെടുപ്പിൽ ടിഎംസിയെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം പോലീസ് ഏറ്റെടുത്തിട്ടുണ്ട്.  എന്നാൽ ഇതിന് എത്ര പോലീസുകാരുടെ ജീവൻ കൊടുക്കേണ്ടി വരുമെന്ന് അറിയില്ല” ദിലീപ് ഘോഷ് ആരോപിച്ചു.