ടെക് ഭീമൻ ഗൂഗിളിലും പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. അധികം വൈകാതെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആൽഫബെറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗൂഗിൾ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. കമ്പനിയുടെ സാമ്പത്തിക വളർച്ചയ്ക്കുണ്ടായ ഇടിവ് നികത്താനാണ് പുതിയ നീക്കം.

ഇതിന്റെ ഭാഗമായി ‘മോശം പ്രകടനം നടത്തുന്ന’ ജീവനക്കാരെ കണ്ടെത്തി റാങ്ക് ചെയ്യാൻ ഗൂഗിൾ മാനേജർമാരോട് ആവശ്യപ്പെട്ടതായി ഇൻഫർമേഷൻ റിപ്പോർട്ട് അവകാശപ്പെടുന്നു. ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുകയാണ്, ഏതാണ്ട് പതിനായിരത്തോളം ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. കഴിഞ്ഞ പാദത്തിൽ ഗൂഗിളിൽ വലിയ തോതിൽ നിയമനങ്ങൾ നടന്നിരുന്നു. 

ഇതിന് പിന്നാലെ വിദഗ്ദ്ധർ ഗൂഗിളിന് അതിന്റെ വർദ്ധിച്ച ജീവനക്കരുടെ എണ്ണത്തെയും, ശമ്പളത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഈ വർഷത്തിന്റെ നാലാം പാദത്തിൽ നിയമന പ്രക്രിയ മന്ദഗതിയിലാക്കുമെന്ന് ഗൂഗിൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ചതിലും മൂന്നിരട്ടിയോളം ജീവനക്കാർക്ക് ഇക്കുറി പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭ്യമാകുന്ന വിവരം.

നിലവിൽ, ആൽഫബെറ്റ് ജീവനക്കാരുടെ ഏകദേശം എണ്ണം 1,87,000 ആണ്. ഇത് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാളായി അവരെ മാറ്റുന്നു. ഒരു ഗൂഗിൾ ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം ഏകദേശം 2,95,884 ഡോളർ (ഏകദേശം 2.41 കോടി രൂപ) ആണെന്ന് യുഎസ് എസ്ഇസി ഫയലിംഗ് വെളിപ്പെടുത്തി.

മറുവശത്ത്, ഗൂഗിൾ ലാഭത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. മൂന്നാം പാദത്തിൽ കമ്പനി 13.9 ബില്യൺ ഡോളറിന്റെ അറ്റാദായം റിപ്പോർട്ട് ചെയ്‌തിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനം കുറവാണ് ഇത്. ആകെ വരുമാനം 6 ശതമാനം വർധിച്ച് 69.1 ബില്യൺ ഡോളറിലെത്തിയിട്ടും അറ്റാദായത്തിൽ ഇടിവ് സംഭവിച്ചതാണ് ഗൂഗിളിനെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്.

മെറ്റാ, ട്വിറ്റർ, ആമസോൺ എന്നിവയും യുഎസിലെ മറ്റ് പ്രമുഖ ടെക് കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ദൗത്യത്തിലാണ് ഇപ്പോൾ. ഈ പട്ടികയിലേക്കാണ് ഗൂഗിളും എത്തിയിരിക്കുന്നത്. മിക്ക കമ്പനികളും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തങ്ങളുടെ എക്കാലത്തെയും വലിയ പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. മെറ്റാ 11,000-ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്ററിൽ ഇപ്പോൾ മൂന്നിലൊന്നിൽ താഴെ ജീവനക്കാർ മാത്രമാണ് അവശേഷിക്കുന്നത്, കൂടാതെ ആമസോൺ 2023 വരെ പിരിച്ചുവിടൽ തുടരുമെന്ന് അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.