തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് എടുക്കും. മേയറുടെ കത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍  ഡിജിപി ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് അന്വേഷിക്കണമെന്നതില്‍ ക്രൈംബ്രാഞ്ച് മേധാവി തീരുമാനമെടുക്കും. നേരത്തെ, ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് മേധാവി ഉത്തരവിട്ടത്.

മേയര്‍ ആര്യ രാജേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിന്‍റെ ശരിപകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. കത്ത് വ്യാജമാണെന്നും, വ്യാജ രേഖ ചമച്ചതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള ശുപാര്‍ശ ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറിയിരുന്നു. കത്ത് വ്യാജമാണെന്ന മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയത്. 

കത്ത് താന്‍ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ ലെറ്റര്‍ പാഡിലെ ഒപ്പ് പകര്‍ത്തി ആരെങ്കിലും വ്യാജ രേഖയുണ്ടാക്കിയതാവാം എന്നാണ് മേയര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. കത്ത് ലഭിച്ചിട്ടില്ലെന്നും നിയമനത്തില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയത്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.