ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. 700 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.  തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന് ശേഷമുള്ള രണ്ട് മണിക്കൂറിനുള്ളില്‍ 25 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി അറിയിച്ചു.

തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായി സിയാന്‍ജൂരിലെ കരയിലും 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലും ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി (ബിഎംകെജി) അറിയിച്ചു. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുണ്ടായ നാശനഷ്ടത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. 

തനിക്ക് വലിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും ഓഫീസ് കെട്ടിടത്തിന്റെ ചുമരുകള്‍ക്കും സീലിംഗിനും കേടുപാടുകള്‍ സംഭവിച്ചെന്നും സിയാന്‍ജൂരില്‍ ഉണ്ടായിരുന്ന മുച്‌ലിസ് പറഞ്ഞു. ‘ഞാന്‍ ഞെട്ടിപ്പോയി. മറ്റൊരു ഭൂകമ്പം ഉണ്ടാകുമെന്ന് ആശങ്കാകുലനായിരുന്നു. ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ചിലര്‍ ബോധക്ഷയം കൂടാതെ ഛര്‍ദ്ദിക്കുകയും ചെയ്തു’, മുച്‌ലിസ് മെട്രോ ടിവിയോട് കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനമായ ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു. സംഭവ സമയം കെട്ടിടങ്ങള്‍ കുലുങ്ങുകയും ഫര്‍ണിച്ചറുകള്‍ നീങ്ങുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളില്‍പെട്ടാണ് പലര്‍ക്കും പരിക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്തോയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വലിയ ഭൂചലന സജീവ മേഖലയായ ഇന്തോനേഷ്യയെ ‘പസഫിക് റിംഗ് ഓഫ് ഫയര്‍’ എന്ന് വിളിക്കുന്നത്.