ഒറ്റപ്പാലം (പാലക്കാട്): ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് കൂടുതൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരുകോടിയലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസുകാരന് സസ്പെൻഷൻ. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പാങ്ങോട് ഭരതന്നൂർ തൃക്കോവിൽവട്ടം ഗൗരീശങ്കരം വീട്ടിൽ ആർ.കെ. രവിശങ്കറിനെയാണ് അന്വേഷണവിധേയമായി തിങ്കളാഴ്ച സസ്പെൻഡുചെയ്തത്.

വകുപ്പുതല അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി.ക്ക് ചുമതല നൽകി. ഓഹരിവിപണിയിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നെടുമങ്ങാട് സ്വദേശി മുരളീധരൻ, സഹോദരൻ വിജയൻപിള്ള എന്നിവരിൽനിന്ന് പണം തട്ടിയെന്ന പരാതിയിലാണ് നടപടി. ഇയാൾക്കെതിരേ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.