ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ഗോളടിച്ചു…അതും ഒന്നല്ല രണ്ടെണ്ണം. ബുക്കായോ സാക്ക ഇങ്ങനെയാണ് വിമർശകരുടെ വായ അടപ്പിച്ചത്. 2022 ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഇറാനെതിരേ ഇംഗ്ലണ്ടിനായി ഇരട്ടഗോൾ നേടിക്കൊണ്ട് സാക്ക ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. കഴിഞ്ഞ യൂറോ കപ്പിൽ പെനാൽട്ടി പാഴാക്കിയതിനെത്തുടർന്ന് വിമർശനങ്ങളും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്ന സാക്ക അവർക്കെല്ലാം ഇന്നത്തെ പ്രകടനത്തിലൂടെ മറുപടി നൽകി.

ഇറാനെതിരെ 43-ാം മിനിറ്റിലും 62-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് സാക്ക പ്രതിഭ തെളിയിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച കളിച്ച താരം പോസ്റ്റിലേക്ക് മൂന്ന് തവണയാണ് നിറയൊഴിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. താരത്തിന്റെ പാസിങ് കൃത്യത 82 ശതമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ തുറുപ്പുചീട്ടാണ് സാക്കയെന്ന് നിസംശയം പറയാം. 

ഇംഗ്ലണ്ട് ടീമിലെ പ്രകടനത്തെക്കാളുപരിയായി ആഴ്സനലിനുവേണ്ടി നടത്തിയ മാസ്മരിക ഫുട്ബോളിലൂടെയാണ് സാക്ക ആരാധകരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെന്നത്. മുന്നേറ്റനിരയിൽ ഒറ്റയ്ക്ക് പന്തുമായി മുന്നേറി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോളടിക്കാനുള്ള മികവും പാസ്സുകളിലെ കൃത്യതയും വേഗതയുമെല്ലാം സാക്കയുടെ പ്രധാന പ്ലസ് പോയന്റുകളാണ്. ഒരേസമയം വിങ്ങറായും മിഡ്ഫീൽഡറായും ഉപയോഗിക്കാം എന്നതാണ് സാക്കയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവഫുട്ബോളർമാരിലൊരാളാണ് സാക്ക.