സാൻഫ്രാൻസിസ്‌കോ: സാമ്പത്തിക മാന്ദ്യം മുൻനിർത്തി അവധിക്കാലത്ത് വലിയ പർച്ചേസുകൾ മാറ്റിവെക്കണമെന്ന് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും മുന്നറിയിപ്പ് നൽകി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. പണം സുരക്ഷിതമായി സൂക്ഷിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു.

സാമ്പത്തിക മാന്ദ്യം കാരണം, വിലകൂടിയ കാറുകളും ടെലിവിഷനുകളും പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം അമേരിക്കക്കാരെ ഉപദേശിച്ചു.

“നിങ്ങൾ ഒരു ‘ബിഗ് സ്‌ക്രീൻ’ ടിവി വാങ്ങുന്നത് പരിഗണിക്കുന്ന വ്യക്തിയാണെങ്കിൽ, കാത്തിരിക്കാനും നിങ്ങളുടെ പണം മുറുകെ പിടിക്കാനും, അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് കാണാനും നിങ്ങൾക്ക് ആഗ്രഹം കാണും. പുതിയ ഓട്ടോമൊബൈൽ, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലായാലും ഇതുതന്നെയാണ് സത്യം. അപകട സാധ്യത മുന്‍‌കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അതേസമയം, തന്റെ 124 ബില്യൺ ഡോളർ ആസ്തിയുടെ ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ കഴിയുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനുമായി ചാരിറ്റികൾക്ക് സംഭാവന ചെയ്യുമെന്നും ആമസോണ്‍ സ്ഥാപകന്‍ പറഞ്ഞു