ഭോപ്പാൽ: സ്വവർഗ ബന്ധം അവസാനിപ്പിച്ചതിന് പുരുഷസുഹൃത്തിനെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പൂട്ടിക്കിടക്കുന്ന എം.പി ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (എം.പി.ബി.എസ്.ഇ) കെട്ടിടത്തിൽ നിന്ന് പാതി കത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാച്ച്മാനായ പ്രതിയെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോൾ രക്തത്തിന്റെ അംശവും കണ്ടെത്തി. ‘മരിച്ചയാൾ തന്റെ സുഹൃ്ത്താണെന്നാണ് പ്രതി പറയുന്നത്. ഇരുവരും തമ്മിൽ സ്വവർഗ ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെട്ട സുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഇതിനെ പ്രതി എതിർത്തു. പക്ഷേ പങ്കാളി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു.

തുടർന്ന്, സുഹൃത്തിനെ കൊന്ന് മൃതദേഹം കത്തിച്ചുവെന്നാണ് പ്രതിയുടെ മൊഴി. നരബലിയിലേക്ക് പൊലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ഇയാൾ ശ്രമിച്ചു. ഇതിനായി തേങ്ങയും പൂവും മറ്റ് പൂജാ സാധനങ്ങളും പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്നു.

പക്ഷെ, എല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തും. ചോദ്യം ചെയ്യൽ തുടരുകയാണ്’- എ.ഡി.സി.പി രാജേഷ് രഘുവംശി പറഞ്ഞു. ഐ.പി.സി സെക്ഷൻ 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം മരിച്ചയാളുടെ കുടുംബത്തെ പൊലീസ് അറിയിച്ചിട്ടുണ്ട്.