തിരുവനന്തപുരം: രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. 

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ 2020 ഡിസംബറില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസുള്ള 20 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൂടാതെ രാജ്ഭവനിലെ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ് കുമാര്‍ പിയെ സേവനകാലയളവ് പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 27800-59400 രൂപ ശമ്പള സ്‌കെയിലിലാണ് ദിലീപ് കുമാറിന് ഗവര്‍ണറുടെ താത്പര്യപ്രകാരം നിയമനം നല്‍കിയത്. സര്‍ക്കാരിന്‍റെ പിന്‍വാതില്‍ നിയമനം വിഷയം ഉയര്‍ത്തുന്ന ഗവര്‍ണര്‍ക്ക് കത്ത് പുറത്തുവന്നത് വന്‍ തിരിച്ചടിയായിട്ടുണ്ട്.