ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമായി വാട്ട്സാപ്പും. ബിസിനസുകൾ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ വാട്ട്സാപ്പ് അനുവദിച്ചു. വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായാണ്  ഈ പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.  വാട്ട്സാപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് ബാങ്കിംഗ്, യാത്ര എന്നിങ്ങനെയുള്ളവയെ ആശ്രയിച്ച് ബിസിനസുകൾ ബ്രൗസ് ചെയ്യാനോ അവരുടെ പേര് ഉപയോഗിച്ച് സെർച്ച് ചെയ്യാനോ കഴിയും. നിലവിൽ ബ്രസീൽ, കൊളംബിയ, ഇന്തോനേഷ്യ, മെക്സിക്കോ, യുകെ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക.

ബിസിനസ് പ്രൊഫൈലിലെ ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ കോൺടാക്റ്റുകളിൽ സേവ് ചെയ്യുന്നതിനോ ബിസിനസ്സ് വെബ്‌സൈറ്റുകളിലൂടെ വിശദാംശങ്ങൾ തിരയുന്നതിനോ പകരം മെസേജിംഗ് ആപ്പ് ഉപയോഗിച്ച് ബിസിനസ്സുകളെ എളുപ്പത്തിൽ കണക്ട്  ചെയ്യാൻ കഴിയുമെന്നാണ് വാട്ട്സാപ്പ് പറയുന്നത്.  ഓൺലൈൻ ഷോപ്പിങിന് വെബ്സൈറ്റുകൾ കേറിയിറങ്ങുന്നതിന് പകരം വാട്ട്സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം. വിവിധ പേയ്മെന്റ് പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച ജിയോമാർട്ടിന്റെ ഷോപ്പിംഗ് അനുഭവം സമാനമായി‌ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഈ ഫീച്ചർ സുരക്ഷിതവും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമാണ്. കൂടാതെ, ആളുകൾക്ക് അവരുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച്  ചാറ്റിൽ നിന്ന് തന്നെ സുരക്ഷിതമായ പേയ്‌മെന്റ് നടത്താനും കഴിയും.

കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി ഫീച്ചറുമായി ആപ്പ് എത്തിയിരുന്നു. ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ  വാട്ട്സാപ്പ് അവതരിപ്പിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റി ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്. വാട്ട്സാപ്പിലെ ഗ്രൂപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ കൊണ്ടുവരാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന്  അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.