തിരുവനന്തപുരം : വൈദ്യുതിക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാൻ വൈദ്യുതിബോർഡ് ആലോചന തുടങ്ങി. നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്കാവും.

നിലവിൽ വ്യവസായസ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കുമാണ് നടപ്പാക്കിയത്. 500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ആലോചന. അടുത്ത വർഷത്തേക്ക് നിരക്ക് പരിഷ്കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമ്പോൾ ഈ നിർദേശം ഉൾപ്പെടുത്താനുള്ള ചർച്ചകളാണ് ബോർഡിൽ നടക്കുന്നത്. കമ്മിഷൻ അംഗീകരിച്ചാൽ നടപ്പാവും.

ടൈം ഓഫ് ദി ഡേ താരിഫ്

ടൈം ഓഫ് ദി ഡേ താരിഫ് (ടി.ഒ.ഡി. താരിഫ്) എന്നാണ് ഈ രീതിയുടെ സാങ്കേതികനാമം. ദിവസത്തെ നോർമൽ, പീക്, ഓഫ് പീക് എന്നിങ്ങനെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ഈ രീതിയിൽ നിരക്ക് കണക്കാക്കുന്നത്. ഇതിനായി റെഗുലേറ്ററി കമ്മിഷൻ ഏറ്റവും ഒടുവിൽ അംഗീകരിച്ച നിരക്ക് ഇപ്രകാരം-

  • നോർമൽ ടൈം രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ-സാധാരണ നിരക്ക്.
  • പീക് ടൈം(ഉപയോഗം ഏറ്റവും കൂടുതൽ) വൈകുന്നേരം ആറുമുതൽ രാത്രി 10 വരെ -സാധാരണനിരക്കിന്റെ 20 ശതമാനം അധികം.
  • ഓഫ് പീക് ടൈം- രാത്രി 10 മുതൽ രാവിലെ ആറുവരെ -സാധാരണ നിരക്കിൽനിന്ന് 10 ശതമാനം കുറവ്.

ഇങ്ങനെ നിരക്ക് കണക്കാക്കുന്നതിന് പ്രത്യേക മീറ്റർ സ്ഥാപിക്കേണ്ടതില്ല. വീടുകളിലെ ഭൂരിഭാഗം മീറ്ററുകളിലും ഇതിനുള്ള സൗകര്യമുണ്ട്. രാത്രി പത്തുമണിക്കുമുമ്പ് ലൈറ്റണച്ച് കിടക്കുന്ന ശീലത്തിൽ മാറ്റം വന്നതിനാൽ പീക് ടൈം എന്നത് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെയാക്കണമെന്ന് ബോർഡ് കമ്മിഷനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കമ്മിഷൻ അനുവദിച്ചില്ല.