തിരുവനന്തപുരം: ലോകകപ്പ് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിനൊട്ടും കുറവില്ല. ഫുട്ബോൾ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകൾക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ബ്രസീലിന്റെ ജഴ്സിയിലുള്ള ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പിന്നാലെ, ടി.എൻ.പ്രതാപന്റെ കമന്റെത്തി. സുരേഷ് ഗോപി സ്റ്റൈലിൽ ‘കപ്പ് അർജന്റീനയ്ക്കുള്ളതാണ് സതീശാ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അർജന്റീന’ എന്നാണ് അദ്ദേഹം കുറിച്ചത്. മിനിറ്റുകൾക്കുള്ളിൽ സതീശൻ മറുപടി കുറിച്ചു. ‘ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പോസ്റ്റുകൾക്കിടയിൽ നിരവധിപ്പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

വി.ഡി.സതീശന്റെ ഫെയ്സ്ബുക് പോസ്റ്റ്:

ബ്രസീൽ … ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യകൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസ്സിൽ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസ്സിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ. അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.