ചേർത്തലക്കാരൻ എഡ്വിൻ റോയ്ക്ക് ഗൂഗിളിൽ ജോലി ചെയ്യണമെന്ന് മോഹം. വെറും മോഹമല്ല, അഭിനിവേശം. UI/UX ഡിസൈനറായ നായകൻ അങ്ങനെ ജോലിക്കായി അപേക്ഷ അയച്ചു. വൺ…ടൂ…ത്രീ… 13 വർഷത്തിനിടെ പത്തിലധികം അപേക്ഷകൾ. അപേക്ഷ അയക്കുന്നതല്ലാതെ, ഇന്റർവ്യൂവിന് പോയിട്ട് പരീക്ഷയ്ക്ക് പോലും വിളിക്കുന്നേയില്ല. എന്താ കാര്യമെന്ന് എത്തും പിടിയും കിട്ടാതെ നടക്കുന്നതിനിടെയാണ് റെസ്യൂമെ ഒന്ന് പൊളിച്ചു പണിയാൻ എഡ്വിൻ തീരുമാനിക്കുന്നത്. ഊഹം തെറ്റിയില്ല, ദേ വിളിയെത്തി. അതും സാക്ഷാൽ ഗൂഗിളിൽ നിന്ന് തന്നെ. ജോലിക്കുള്ള കടമ്പകളെല്ലാം നിഷ്പ്രയായം ചാടിക്കടന്ന എഡ്വിൻ ഇപ്പോൾ ഗൂഗിളിൽ UI/UX ഡിസൈനറാണ്

ഈ കഥ പറയാനൊരു കാരണമുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവുമൊക്കെ ജോലികിട്ടാൻ പരമപ്രധാനമാണെങ്കിലും ഇതിനൊക്കെ പരിഗണിക്കാൻ നമ്മുടെ ബയോഡാറ്റ അല്ലെങ്കിൽ റെസ്യൂം തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ആയിരക്കണക്കിന് അപേക്ഷകളിൽ നിന്ന് എന്തുകൊണ്ട് നിങ്ങൾ എന്നതാണ് പ്രധാനം. ചുരുക്കിപ്പറഞ്ഞാൽ റെസ്യൂം എന്നതൊരു താക്കോലാണ്. നിങ്ങളുടെ സ്വപ്നജോലിയിലേക്കുള്ള വാതിൽ തുറക്കാനുള്ള താക്കോൽ. റെസ്യൂം ചതിച്ചാൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, നിങ്ങളുദ്ദേശിക്കുന്നിടത്ത് എത്തില്ല. ആ കഥ എഡ്വിൻ തന്നെ പറയുന്നത് കേൾക്കൂ

അങ്ങനെയാണ് നൂറിലൊരുവനായത്

2012-14 സമയത്താണ് ഗൂഗിൾ ഇന്ത്യയിൽ ഡിസൈനർമാരെ വിളിക്കാനാരംഭിച്ചത്. അന്നുമുതൽ ഗൂഗിൾ ഡിസൈനർമാരെ വിളിക്കുന്നു എന്ന പരസ്യം കണ്ണിൽ പെടുമ്പോഴൊക്കെ ഞാൻ അപേക്ഷ അയച്ചിട്ടുണ്ട്. Apply ചെയ്യുക എന്നതും ഒരു വലിയ പ്രക്രിയയാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. തയ്യാറെടുപ്പൊന്നുമില്ല, ചുമ്മാ അങ്ങ് അപേക്ഷിക്കും, അത്രതന്നെ. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് മറുപടി കിട്ടുമെന്നല്ലാതെ വേറെ റെസ്പോൺസ് ഒന്നുമുണ്ടായിരുന്നില്ല. ഈ സമയത്തെല്ലാം കരിയറിൽ ഇംപ്രവൈസേഷൻ നടന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. പോർട്ട്ഫോളിയോയിലും റെസ്യൂമെയിലും അക്കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാറുമുണ്ടായിരുന്നു. പക്ഷേ, വിളി മാത്രം വന്നില്ല. 

റെസ്യൂം സെലക്ടാവാത്തത് എന്താണെന്ന ചോദ്യം എപ്പോഴും മനസിലുണ്ടായിരുന്നു. ഗൂഗിളിൽ മാത്രമല്ല, ഫെയ്സ്ബുക്ക്് അടക്കമുള്ള മറ്റ് വമ്പൻ കമ്പനികളിലേക്കും ഞാൻ അപേക്ഷ അയയ്ക്കുന്നുണ്ടായിരുന്നു. തുടർച്ചയായി ഈ തിരസ്കരണം ഉണ്ടായപ്പോൾ ആ കമ്പനികളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമെല്ലാം ഞാൻ ബന്ധപ്പെട്ടു. റെസ്യൂമെയിൽ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് അവിടെ നിന്നാണ് എനിക്ക് ഐഡിയ കിട്ടുന്നത്. ഇന്റർനെറ്റിലും സമാനവിവരങ്ങൾ അന്വേഷിച്ചു. നമ്മളിപ്പോൾ ചെയ്യുന്ന ജോലിയും അതിന്റെ സ്വഭാവവുമായിരിക്കണം റെസ്യൂമെയിൽ 60 ശതമാനമെങ്കിലും ഉണ്ടായിരിക്കേണ്ടതെന്ന് അവിടെനിന്നാണ് എനിക്ക് മനസിലായത്.

ഒരു ആഴ്ചയിൽ ഏകദേശം ഒരുലക്ഷത്തിലധികം തൊഴിലപേക്ഷകളാണ് ഗൂഗിളിൽ ലഭിക്കുക. അതിൽ നൂറോ ഇരുന്നൂറോ അപേക്ഷകൾ മാത്രമായിരിക്കാം തെരഞ്ഞെടുക്കപ്പെടുക.0.4- 0.5 ശതമാനം മാത്രമാണ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത. റെസ്യൂമേയുടെ പ്രാധാന്യം അവിടെയാണെന്ന് പറയേണ്ടതില്ലല്ലോ. അന്നുതൽ ഏറ്റവും നല്ല റെസ്യൂമേ ഉണ്ടാക്കുക എന്നതായിരുന്നു എനിക്ക് മുന്നിലെ വെല്ലുവിളി. റെസ്യൂമേ അഴിച്ചു പണിതതിന് ശേഷം ഗൂഗിളിലേക്ക് മാത്രമല്ല ഫെയ്സ്ബുക്ക്, ഡൈസൺ തുടങ്ങി പല മുൻനിര കമ്പനികളിലേക്കും അപേക്ഷ അയച്ചു. പ്രതീക്ഷ തെറ്റിയില്ല. എല്ലായിടത്തും നിന്നും വിളി വന്നു. എല്ലാക്കാലവും ഗൂഗിൾ മോഹിപ്പിച്ചതിനാൽ അതുതന്നെ ഞാൻ തെരഞ്ഞെടുത്തു.

ആദ്യ കടമ്പ കടന്ന് ഇന്റർവ്യൂവിലേക്ക്

14 വർഷത്തെ കരിയറിനിടെ ഞാൻ പങ്കെടുത്ത ഏറ്റവും സങ്കീർണ അഭിമുഖമായിരുന്നു ഗൂഗിളിന്റേത്. റെസ്യൂം ഷോർട് ലിസ്റ്റഡായി കഴിഞ്ഞാൽ അഭിമുഖം, പാനൽ, പഠിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം വിശദമായി തന്നെ പറഞ്ഞുതരും. കൂടുതൽ വിവരങ്ങൾക്കായി ഒരു ഹാൻഡ്ബുക്കും നൽകും. പോർട്ട് ഫോളിയോ പ്രസന്റേഷൻ ആണ് ഡിസൈനേഴ്സ് ഇന്റർവ്യൂവിൽ ആദ്യഘട്ടം. ആറോ ഏഴോ പേരടങ്ങിയ ഡിസൈനേഴ്സ് പാനലാണ് അഭിമുഖത്തിലുണ്ടാവുക. കോവിഡ് കാലമായതിനാൽ അഭിമുഖങ്ങളെല്ലാം ഓൺലൈനായിട്ടായിരുന്നു. 

45 മിനിറ്റാണ് പോർട്ട്ഫോളിയോ പ്രസന്റേഷനും രണ്ട് കേസ് സ്റ്റഡീസിനുമായി നൽകുക. ഓരോമിനിറ്റും വിലപ്പെട്ടതാണ്. ചോദ്യങ്ങളൊന്നുമില്ലാതെ അവസാനിക്കുന്ന പ്രസന്റേഷന് ശേഷം പാനൽ പിരിയും. ബാക്കിയുള്ള പ്രക്രിയ പിന്നീടാണ്. അന്ന് പാനലിൽ ഉണ്ടായിരുന്ന മുഴുവൻ പേരും individually നമ്മെ വീണ്ടും കാണും. ഓരോരുത്തരും ഓരോ മേഖലയായിരിക്കും ചോദിക്കുക. ശേഷം, അവർ വീണ്ടും ജോയിൻ ചെയ്ത് ഓരോരുത്തരുടെയും അഭിപ്രായങ്ങൾ വിലയിരുത്തും. എല്ലാവരുടെയും ടെസ്റ്റ് റിസൽട്ടിൽ പാസാകുമ്പോൾ മാത്രമാണ് അടുത്ത ഘട്ടത്തിലേക്കുള്ള എൻട്രി. അഭിമുഖത്തിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ പറയുന്ന വീഡിയോകളും ട്യൂട്ടോറിയലുകളുമെല്ലാം എന്നെ നന്നായി സഹായിച്ചുവെന്ന് വേണം പറയാൻ. 

സ്വപ്ന ജോലിയിലേക്ക്

ജോലികിട്ടി എന്നറിയുന്ന നിമിഷം വരെ ഞാൻ പ്രതീക്ഷ വെച്ചിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടു എന്നിറിഞ്ഞപ്പോൾ ഏറെ സന്തോഷം. ജോലി കിട്ടി ഒരുമാസം കഴിഞ്ഞിട്ടാണ് സോഷ്യൽ മീഡിയിയിലൊക്കെ ഷെയർ ചെയ്തത് തന്നെ. വമ്പൻ കമ്പനികളിൽ ജോലികിട്ടാൻ എന്റെ സർട്ടിഫിക്കറ്റുകൾക്ക് കെൽപില്ല എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടി ഡിഗ്രിക്കപ്പുറം നമ്മളാണ്, നമ്മുടെ പോർട്ട്ഫോളിയോ ആണ് വിലയിരുത്തപ്പെടുകയെന്ന് മനസിലാക്കാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ബാംഗ്ലൂർ ആണ് ഞാൻ ജോലിക്കായി തെരഞ്ഞെടുത്തത്. 

ശമ്പളത്തിനപ്പുറം ഗൂഗിൾ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ്, ഫൈവ് സ്റ്റാർ ഭക്ഷണ അലവൻസ് അടക്കമുള്ള പേഴ്സനൽ ബെനഫിറ്റ്സ് നമുക്ക് ഏറെ സഹായകമാണ്. മറ്റേത് കമ്പനിയോടും കിടപിടിക്കത്തക്ക ക്ഷേമപദ്ധതികളാണ് അവർ ജീവനക്കാർക്കായി നൽകുന്നത്. പുരുഷന്മാർക്ക് 16- 18 ആഴ്ചയാണ് ബേബി ബോണ്ടിങ് ലീവായി ഗൂഗിൾ അനുവദിക്കുന്നത്

പഠനം, ജോലി, കുടുംബം

ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ ആണ് ഞാൻ പഠിച്ചത്. അമ്മ റീറ്റ നെറ്റോ. റിയ ജോൺ ആണ് ഭാര്യ. മകൻ ജനിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ