മസ്തിഷ്കാഘാതത്തെ തുടർന്ന് ബംഗാളി ചലച്ചിത്രതാരം ആൻഡ്രില ശർമ അന്തരിച്ചു. 24 വയസ്സായിരുന്നു. നവംബർ 15നാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ആൻഡ്രിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.59 നായിരുന്നു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തുടർച്ചയായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ആൻഡ്രിലയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നടിയുടെ സി.ടി സ്കാൻ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായാണ് റിപ്പോർട്ടിലുള്ളത്.

ഗുരുതരാവസ്ഥയിലായിരുന്ന നടിക്ക് ആന്തരിക രക്തസ്രാവത്തെ തുടർന്ന് സർജറിയും നടത്തിയിരുന്നു. രണ്ട് തവണ അർബുദത്തെ അതിജീവിച്ച വ്യക്തിയാണ് ആൻഡ്രില. ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ച അവർ ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ഏതാനും സിനിമകളിലും ഒ.ടി.ടി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്

മികച്ച നർത്തകിയെന്ന് പേരെടുത്തിട്ടുള്ള ആൻഡ്രില കാൻസറിനെതിരേ നടത്തിയ പോരാട്ടം നിരവധിപേർക്ക് പ്രചോദനമായിരുന്നു. 2021-ൽ രണ്ടാം തവണ കാൻസർ ബാധിച്ചതിന് ശേഷമുള്ള ചികിത്സയുടെ അവസാന ഘട്ടത്തിൽ അവർ സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റുകൾ ദശലക്ഷക്കണക്കിനുപേരാണ് കണ്ടത്.