വാഷിങ്ടൺ: ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരികെ പോകാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞിരുന്നു. ​ഇതുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി.

15 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. പോളിൽ പ​ങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾട്വിറ്ററിലൂടെ തന്നെയാണ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന വിവരം മസ്ക് അറിയിച്ചത്. ജനങ്ങൾ പറഞ്ഞു അതിനാൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നുവെന്നാണ് ഇലോൺ മസ്ക് വ്യക്തമാക്കിയത്. ജനങ്ങളുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾക്ക് ഒപ്പമാണെന്നും മസ്ക് വ്യക്തമാക്കി.

അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.