കോഴിക്കോടേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം പറന്നുയര്‍ന്ന് 10 മിനിറ്റിനു ശേഷം മുംബൈയില്‍ തിരിച്ചിറക്കി. മുംബൈ-കാലിക്കറ്റ് സെക്ടറില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനമാണ് (AI 581) സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. 110-ലധികം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം വിമാനത്തിന് പറക്കാന്‍ പിന്നീട് അനുമതി നല്‍കി. 

‘മുംബൈ കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്ന AI 581 വിമാനം സാങ്കേതിക തകരാര്‍ കാരണം തിരിച്ചിറക്കി. 6.13 ന് പറന്നുയര്‍ന്ന വിമാനമാണ് 6.25 ന് തിരിച്ചിറകക്കിയത്. എഞ്ചിനീയറിംഗ് പരിശോധനകള്‍ക്ക് ശേഷം, ഫ്‌ലൈറ്റ് ഇപ്പോള്‍ ടേക്ക് ഓഫിന് തയ്യാറാണ്.’- എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മൂന്ന് മണിക്കൂറോളം വൈകിയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

‘ഏകദേശം 3 മണിക്കൂര്‍ വൈകി. 114 യാത്രക്കാര്‍ വിമാനത്തിലുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് എയര്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നു. അതിനാല്‍ വിമാനം വീണ്ടും പറത്തുന്നതിനു മുമ്പ് സമഗ്രമായ പരിശോധനകള്‍ നടത്തിയിരുന്നു.’- എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

പലരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിര്‍ത്തിയിടേണ്ടി വന്നിരുന്നു. ഇന്‍ഡിഗോ വിമാനം 6E-2131 ന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തി എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും 177 യാത്രക്കാരും ഏഴ് ജീവനക്കാരും സുരക്ഷിതരാണെന്നുമായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.