സംസ്ഥാനത്തുടനീളമുള്ള തോക്കുകളും ചെറു ആയുധങ്ങളും വില്‍ക്കുന്ന കടകളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും പരിശോധന നടത്താന്‍ പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 1934ലെ പഞ്ചാബ് പോലീസ് റൂള്‍സിലെ 20.14 ചട്ടം പ്രസ്താവിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍മാര്‍ (ഐജിപിമാര്‍), ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍മാര്‍ (ഡിഐജിമാര്‍), പോലീസ് കമ്മീഷണര്‍ (സിപിമാര്‍), സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) എന്നിവര്‍ക്ക് ഡിജിപി നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഓരോ പാദത്തിലും ആയുധ നിയമപ്രകാരം ലൈസന്‍സുള്ള എല്ലാ നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും കടകള്‍, പരിസരം, സ്റ്റോക്കുകള്‍ എന്നിവ പരിശോധിക്കാന്‍ പോലീസിലെ ഗസറ്റഡ് ഓഫീസര്‍മാരെ പുതിയ ഉത്തരവ് അധികാരപ്പെടുത്തുന്നു.

എല്ലാ സി.പിമാര്‍ക്കും/എസ്.എസ്.പിമാര്‍ക്കും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരും അവരുടെ സബ് ഡിവിഷനുകളില്‍ വരുന്ന എല്ലാ തോക്ക് ഷോപ്പുകളുടേയും പരിസരങ്ങളും സ്റ്റോക്കുകളും ഓരോ പാദത്തിലും നിര്‍ബന്ധമായും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡിജിപി നിര്‍ദ്ദേശിച്ചു. ഇതിനുപുറമെ, ജില്ലാ പോലീസ് സൂപ്രണ്ട് ഓരോ വര്‍ഷവും ഒരു പരിശോധനയെങ്കിലും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസംഖ്യ ആനുപാതികമായി രാജ്യത്തെ ജനസംഖ്യയുടെ 2% മാണ് പഞ്ചാബിലുള്ളത്. അതേസമയം, ആയുധ ലൈസന്‍സുകള്‍ സംസ്ഥാനത്ത് 10% ഉണ്ട്, അത് ഏകദേശം 4 ലക്ഷത്തോളം വരും. അതായത്, പഞ്ചാബില്‍ 1,000 ആളുകള്‍ക്ക് 13 വീതം തോക്ക് ലൈസന്‍സുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ നിന്നും വന്‍തോതില്‍ അനധികൃത ആയുധങ്ങള്‍ ഒഴുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ സാമൂഹിക വിരുദ്ധര്‍ അനധികൃതമായി സംഭരിക്കുന്നതാണെങ്കിലും, പഞ്ചാബിലെ പ്രാദേശിക തോക്ക് ഹൗസുകളില്‍ നിന്നാണ് വെടിമരുന്നുകള്‍ വാങ്ങുന്നത്. 

ഗസറ്റഡ് പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ഗണ്‍ ഹൗസുകള്‍ പരിശോധിക്കുന്ന അടിസ്ഥാന സമ്പ്രദായം അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഡിജിപി പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആയുധ ലൈസന്‍സുകളും പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതിന് പുറമെ, മുമ്പ് ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഉടന്‍ റദ്ദാക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉത്തരവിട്ടിരുന്നു. അതുപോലെ, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ തോക്ക് ലൈസന്‍സുകള്‍ നല്‍കരുതെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അത്യാവശ്യമാണെങ്കില്‍ മാത്രമേ സാധുതയുള്ള കാരണങ്ങളില്‍ ലൈസന്‍സ് നല്‍കാവൂ എന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.